
താമരശ്ശേരി കൈതപ്പൊയിലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വന്‍ ഗുണ്ടാ-ലഹരി മാഫിയകളിലേക്ക് നീളുന്നു. ഹസ്‌നയ്‌ക്കൊപ്പം താമസിച്ചിരുന്ന പുതുപ്പാടി സ്വദേശി ആദിലിനെ പൊലീസ് രണ്ടാം തവണയും ചോദ്യം ചെയ്തു. ഹസ്‌ന മരണത്തിന് മുന്‍പ് ആദിലിന് അയച്ച നിര്‍ണായക ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി.
മരണത്തിന് രണ്ട് മാസം മുമ്പ് ആദിലിന് അയച്ച വാട്‌സാപ്പ് സന്ദേശങ്ങളാണ് ഇപ്പോള്‍ അന്വേഷണത്തിന്റെ കേന്ദ്രബിന്ദു. കരഞ്ഞുകൊണ്ട് സംസാരിക്കുന്ന ഹസ്‌ന, തന്റെ ജീവിതം നശിച്ചുപോയെന്ന് സന്ദേശത്തില്‍ പറയുന്നു. താന്‍ ഉപയോഗിക്കുന്ന ലഹരിമരുന്നുകളെ കുറിച്ചും അതിന്റെ ഉറവിടത്തെ കുറിച്ചും വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഹസ്‌ന ആദിലിനെ ഭീഷണിപ്പെടുത്തുന്നുണ്ട്. ടി.പി. വധക്കേസ് പ്രതി കൊടി സുനി, താമരശ്ശേരിയിലെ കുപ്രസിദ്ധ ഗുണ്ട ഷിബു എന്നിവരടക്കമുള്ളവര്‍ കുടുങ്ങുമെന്നും വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വിളിച്ചുപറയുമെന്നും ഹസ്‌ന മുന്നറിയിപ്പ് നല്‍കുന്നു.
കൊടി സുനിയുടെ പരോള്‍ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് വയനാട്ടില്‍ നടന്ന ഒരു പാര്‍ട്ടിയെക്കുറിച്ച് പൊലീസ് അതീവ ഗൗരവത്തോടെ അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ഹസ്‌നയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നേരമായിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ആദിലും വീട്ടുടമസ്ഥനും ചേര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. വിവാഹബന്ധം വേര്‍പെടുത്തിയ ഹസ്‌ന കഴിഞ്ഞ എട്ടുമാസമായി ആദിലിനൊപ്പമായിരുന്നു താമസം.
ഹസ്‌നയുടെ മരണത്തില്‍ ആദ്യമേ ദുരൂഹത ആരോപിച്ചിരുന്ന കുടുംബം, ശബ്ദരേഖ പുറത്തുവന്നതോടെ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ലഹരി മാഫിയയുടെയും ക്രിമിനല്‍ സംഘങ്ങളുടെയും ഇടപെടല്‍ മരണത്തിന് പിന്നിലുണ്ടോ എന്നാണ് താമരശ്ശേരി പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.