ആ ഫോട്ടോ വൈറലായി; ഒപ്പം ഹസിനും

Jaihind Webdesk
Saturday, January 12, 2019

ദുബൈയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഒരുക്കിയാണ് യു.എ.ഇയും പ്രവാസികളും സ്വീകരിക്കുന്നത്. ദുബൈയില്‍ രാഹുല്‍ എത്തിയതിനൊപ്പം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ ഒരു പെണ്‍കുട്ടിയുണ്ട്. രാഹുല്‍ ഗാന്ധിക്കൊപ്പം സെല്‍ഫിയെടുത്ത ഒരു സുന്ദരി. ഈ സെല്‍ഫി ചിത്രം രാഹുല്‍ തന്റെ തന്റെ സോഷ്യല്‍ മീഡിയ ആക്കൗണ്ടുകളിലൂടെ ഷെയര്‍ചെയ്തപ്പോള്‍ വൈറലായിരിക്കുകയാണ് ഈ പെണ്‍കുട്ടി.

അതൊരു മലയാളിയാണ്. കാസര്‍കോട് മേല്‍പറമ്പ് സ്വദേശി ഹസിന്‍ അബ്ദുല്ല. സഹോദരന്‍ നൗഫല്‍ അബ്ദുല്ലയ്‌ക്കൊപ്പം രാഹുലിനെ കാണാന്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും വന്‍ജനാവലികാരണം ഫോട്ടോയെടുക്കാന്‍ സാധിച്ചില്ല.

തുടര്‍ന്ന് അനുവാദം വാങ്ങിയ ശേഷം കുടുംബത്തിനൊപ്പം രാഹുല്‍ താമസിക്കുന്ന ജുമൈറ ബീച്ച് ഹോട്ടലില്‍ എത്തുകയും സെല്‍ഫി എടുക്കുകയും ചെയ്തു. ഈ ചിത്രം രാഹുലിന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്നോ ഇത്രയധികം ചര്‍ച്ചയാകുമെന്നോ ഈ പെണ്‍കുട്ടി കരുതിയിരുന്നില്ല. നിനച്ചിരിക്കാത ലഭിച്ച പ്രശസ്തിയുടെ സന്തോഷത്തിലാണിപ്പോള്‍ ഈ കാസര്‍കോട്ടുകാരി.

സെല്‍ഫിയെടുക്കുന്ന ഫോട്ടോ രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. സുരക്ഷാ ആവശ്യങ്ങള്‍ക്കായി എടുത്തതാണെന്നായിരുന്നു ഹസിന്‍ മനസിലാക്കിയിരുന്നത്. താനുമായുളള സെല്‍ഫി രാഹുല്‍ ഗാന്ധി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും ഹസിന്‍ പറയുന്നു.