സംഘർഷഭീതിയില്‍ ഹരിയാനയിലെ നൂഹ് ജില്ല: നിരോധനാജ്ഞ ലംഘിച്ച് ശോഭായാത്ര നടത്താന്‍ വിഎച്ച്പി; വന്‍ പോലീസ് സന്നാഹം

Jaihind Webdesk
Monday, August 28, 2023

 

ഛണ്ഡീഗഡ്: വർഗീയ സംഘർഷമുണ്ടായ ഹരിയാനയിലെ നൂഹ് ജില്ല വീണ്ടും ഭീതിയുടെ മുൾമുനയിൽ. ഇന്ന് ജലാഭിഷേക ശോഭായാത്ര നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചതോടെയാണ് സംഘർഷസാധ്യതയുണ്ടാകുമോയെന്ന ഭീതി ഉയരുന്നത്. പരിപാടിക്ക് അനുമതി നിഷേധിച്ച് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ യാത്രയ്ക്ക് ജില്ലാ ഭരണകൂടത്തിന്‍റെ അനുമതി ആവശ്യമില്ലെന്ന് വിഎച്ച്പി നേതാവ് പറഞ്ഞിരുന്നു.

നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലയിൽ ഒരു സ്ഥാപനവും തുറന്നിട്ടില്ല. അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ വൻസുരക്ഷാസന്നാഹമാണു നൂഹിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ടായിരത്തോളം പോലീസുകാരെയും 24 കമ്പനി അർധസൈനിക വിഭാഗത്തെയും വിന്യസിച്ചു. അതിർത്തിയിൽ പരിശോധന കർശനമാക്കി. തിരിച്ചറിയൽ കാർഡ് ഇല്ലാത്ത ആരെയും കടത്തിവിടുന്നില്ല. ജനങ്ങളോട് യാത്രയിൽ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ അഭ്യർത്ഥിച്ചു. ജില്ലയിലേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളും അടച്ചു. പുറത്തുനിന്നാർക്കും ജില്ലയിലേക്കു പ്രവേശനമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും അടച്ചിട്ടുണ്ട്. ഇന്നു രാത്രിവരെ പ്രദേശത്തെ ഇന്‍റർനെറ്റ് സംവിധാനവും വിച്ഛേദിച്ചു.

ജൂലൈ 31നുണ്ടായ സംഘർഷത്തില്‍ രണ്ട് ഹോം ഗാർഡുകളും ഒരു പുരോഹിതനും ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടിരുന്നു. ഒരു ഘോഷയാത്രയ്ക്കിടെ ഹിന്ദുക്കളും മുസ്‌ലീങ്ങളും തമ്മിൽ അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്‍റെ ‘ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്ര’ ഗുരുഗ്രാമിലെ സിവിൽ ലൈനിൽ നിന്ന് നൂഹ് ടൗണിലെ ഖെദ്‌ല മോഡിൽ എത്തിയപ്പോള്‍ ജാഥയ്ക്കുനേരെ കല്ലേറുണ്ടായി. ഇത് സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു. ഗുരുഗ്രാം, ഫരീദാബാദ്, പൽവാൽ തുടങ്ങിയ പ്രദേശങ്ങളിലേക്കും വർഗീയ സംഘർഷം വ്യാപിച്ചു. ഇതിന്‍റെ അലയൊലികള്‍ അടങ്ങും മുമ്പെയാണ് വീണ്ടും ഒരു സംഘർഷസാധ്യത പ്രദേശത്ത് ഉടലെടുത്തിരിക്കുന്നത്.