ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കും, വന്‍ മുന്നേറ്റം പ്രവചിച്ച് സർവെ; ബിജെപിക്ക് കനത്ത തിരിച്ചടി

Jaihind Webdesk
Saturday, July 27, 2024

 

ചണ്ഡീഗഢ്: ഹരിയാനയിൽ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് സർവെ റിപ്പോർട്ട്. നിയമസഭാ തിരഞ്ഞടുപ്പിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്നാണ് സർവെ വ്യക്തമാക്കുന്നത്. പീപ്പീൾസ് പൾസ് നടത്തിയ സർവേയാണ് കോണ്‍ഗ്രസ് വിജയം പ്രവചിക്കുന്നത്. ഹരിയാനയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് കരകയറാനാവില്ലെന്ന് സർവെ പ്രവചിക്കുന്നു. കര്‍ഷക പ്രശ്‌നങ്ങള്‍ തന്നെയാണു തിരഞ്ഞെടുപ്പിലെ ചൂടേറിയ വിഷയം. ഇതോടൊപ്പം തൊഴിലില്ലായ്മയും അഗ്നിവീര്‍ പദ്ധതിയും ചര്‍ച്ചകളില്‍ ഇടംപിടിക്കും.

90 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 43 മുതല്‍ 48 വരെ സീറ്റുകള്‍ നേടുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. ബിജെപി 34 മുതല്‍ 39 വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നും മറ്റുള്ളവര്‍ക്ക് മൂന്നു മുതല്‍ എട്ടു വരെ സീറ്റും ലഭിക്കുമെന്നും സർവെ പ്രവചിക്കുന്നു. വോട്ടുവിഹിതത്തിലും കോണ്‍ഗ്രസ് വന്‍ കുതിപ്പുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-ല്‍ 28 ശതമാനമായിരുന്ന വോട്ടുവിഹിതം ഇത്തവണ 44 ശതമാനമായി കുതിച്ചുകയറും. അതേസമയം ബിജെപി വോട്ടുവിഹിതത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടാകില്ല. 41 ശതമാനം ആണ് ബിജെപിയുടെ വോട്ടുവിഹിതം. 2019-ല്‍ ഇത് 36 ശതമാനം ആയിരുന്നു.

പരമ്പരാഗത വോട്ട് ബാങ്ക് കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജാട്ട്, ദളിത് സമുദായങ്ങളെല്ലാം കോണ്‍ഗ്രസില്‍ പ്രതീക്ഷ അർപ്പിക്കുന്നു. കര്‍ഷകരുടെ പിന്തുണയും കോണ്‍ഗ്രസിനാണ്. ഗ്രാമീണമേഖലയില്‍ 65 ശതമാനത്തോളം വരുന്ന കര്‍ഷകര്‍ കോണ്‍ഗ്രസിനെ അനുകൂലിക്കുന്നതായി സർവെ വ്യക്തമാക്കുന്നു. സിറ്റിംഗ് എംഎല്‍എമാരുടെ മോശം പ്രകടനങ്ങളും തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡയെയാണ് ഏറ്റവും കൂടുതല്‍ പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. 40 ശതമാനം പേര്‍. അതേസമയം നിലവിലെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ നായബ് സിംഗ് സൈനിക്ക് ജനപിന്തുണ നഷ്ടമായെന്നും സർവെ ഫലം വ്യക്തമാക്കുന്നു. 30 ശതമാനം മാത്രമാണ് സൈനിയുടെ പിന്തുണ. പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണയും കോണ്‍ഗ്രസിനാണെന്ന് സർവെ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നായബ് സിംഗ് സൈനിക്ക് ആയില്ലെന്ന പൊതുവികാരമാണ് ഒബിസി വിഭാഗക്കാർക്കിടയിലുള്ളത്. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖട്ടറിനെ ഒന്‍പത് ശതമാനം പേരും കോണ്‍ഗ്രസ് വനിതാ നേതാവ് കുമാരി സെല്‍ജയെ ഏഴു ശതമാനം പേരും പിന്തുണയ്ക്കുന്നു.

2019-ലെ തിരഞ്ഞെടുപ്പില്‍ 40 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. ജനനായക് ജനതാ പാര്‍ട്ടിയുടെയും ഏഴ് സ്വതന്ത്ര എംഎല്‍എമാരുടെയും പിന്തുണയിലാണ് ബിജെപി അധികാരത്തിലേറിയത്. 2019-ല്‍ കോണ്‍ഗ്രസിന് 31-ഉം ജെജെപിക്ക് പത്തും സീറ്റാണു കിട്ടിയത്. അഭിപ്രായ സർവെ പ്രകാരമാണെങ്കില്‍ കോണ്‍ഗ്രസിന് ഹരിയാനയില്‍ കേവലഭൂരിപക്ഷം നേടാനാകും. ഈ വര്‍ഷം അവസാനത്തോടെയാകും ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കിയ ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണ് അഭിപ്രായ സർവെ വ്യക്തമാക്കുന്നത്.