സമരം ചെയ്ത കർഷകരുടെ പാസ്പോർട്ടും വിസയും റദ്ദാക്കാനൊരുങ്ങി ഹരിയാന പോലീസ്; വിചിത്ര നടപടി

Jaihind Webdesk
Thursday, February 29, 2024

 

ന്യൂഡൽഹി: ഡല്‍ഹി ചലോ മാർച്ചിൽ പങ്കെടുത്ത കർഷകരുടെ പാസ്പോർട്ടും വിസയും റദ്ദാക്കാനൊരുങ്ങി ഹരിയാന പോലീസ്. പൊതുമുതൽ നശിപ്പിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടിയാണ് പോലീസിന്‍റെ വിചിത്ര നടപടി. യുവ കർഷകന്‍റെ മരണത്തെ തുടർന്ന് നിർത്തിവെച്ച മാർച്ച് പുനഃരാരംഭിക്കുന്നതിനുള്ള ചർച്ചകൾ ഇന്ന് ഡൽഹിയിൽ നടക്കും. മാർച്ചിൽ ഡൽഹിയിൽ ചേരുന്ന മഹാപഞ്ചായത്തിന്‍റെ തീരുമാനങ്ങളും യോഗം വിലയിരുത്തും. അനിശ്ചിതത്വത്തിനൊടുവിൽ കൊല്ലപ്പെട്ട യുവകർഷകന്‍റെ മരണത്തിൽ പഞ്ചാബ് പോലീസ് കേസെടുത്തു.

കർഷക സമരം ആരംഭിച്ചിട്ട് 17 ദിവസങ്ങൾ പിന്നിടുകയാണ്. മാർച്ച് പുനഃരാരംഭിക്കുവാൻ ഉള്ള നീക്കങ്ങൾ തുടങ്ങാനിരിക്കെയാണ് ഹരിയാന പോലീസിന്‍റെ വിചിത്ര നടപടി. ശംഭു അതിർത്തിയിൽ സമരം ചെയ്തവരുടെ പാസ്പോർട്ട് റദ്ദാക്കാൻ ഹരിയാന പോലീസ് നിർദ്ദേശം നൽകി. തിരിച്ചറിഞ്ഞവരുടെ വിവരങ്ങൾ ഹരിയാന പോലീസ് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയെന്നാണ് വിവരം. ഡൽഹി ചലോ മാർച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ പഞ്ചാബിൽ നിന്നുള്ള കർഷകർ പഞ്ചാബ് ഹരിയാന അതിർത്തിയിലെ കനവരി ശംഭു അതിർത്തികളിൽ ക്യാമ്പ് ചെയ്യുകയാണ്.

അഞ്ചു കർഷകരുടെ മരണത്തെ തുടർന്ന് സമരം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. കൊല്ലപ്പെട്ട കർഷകർക്ക് നീതി കിട്ടുന്നതുവരെ തങ്ങൾ പിന്നോട്ടില്ല എന്നും നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഈ മാസം ഡൽഹിയിൽ മഹാപഞ്ചായത്ത് നടത്തണമെന്നും കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്. കർഷക നേതാക്കളുമായി ആറാം വട്ട ചർച്ചകൾക്ക് കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചെങ്കിലും വഴങ്ങാൻ തയാറായിട്ടില്ല. അതിർത്തികളിൽ കർഷകർ തുടരുന്ന പശ്ചാത്തലത്തിൽ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം ഒരാഴ്ച നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ യുവകർഷകന്‍റെ മരണത്തിൽ കൊലക്കുറ്റം ചുമത്തി പഞ്ചാബ് പോലീസ് കേസെടുത്തു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഒരാഴ്ചയായി പോസ്റ്റ്മോർട്ടം നടപടികൾ കുടുംബം വൈകിപ്പിക്കുകയായിരുന്നു. വിളകൾക്ക് മിനിമം താങ്ങുവില, നിയമപരമായ ഗ്യാരണ്ടി നൽകുക, കാർഷിക കടം എഴുതിത്തള്ളുക എന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയാറായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാൻ ആണ് കർഷക സംഘടനകളുടെ നീക്കം.