ഹരിയാന തിരഞ്ഞെടുപ്പ് അട്ടിമറിച്ചു; ‘ജനവിധിയല്ല’, തോൽവി അംഗീകരിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കോൺഗ്രസ്

Jaihind Webdesk
Tuesday, October 8, 2024

 

ഡൽഹി: ഹരിയാന തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് കോൺഗ്രസ്‌ രം​ഗത്ത്. തങ്ങളിൽ നിന്ന് വിജയം തട്ടിപ്പറിച്ചുവെന്ന് കോൺ​ഗ്രസ് നേതാവ് ജയ്റാം രമേശ്‌ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ അട്ടിമറി നടന്നതായി വിവിധ ഇടങ്ങളിൽ നിന്ന്  വളരെ ഗൗരവകരമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും‌ അതിൻ കൂടുതലും കൗണ്ടിങ് നടപടിയെ കുറിച്ചും ഇവിഎം മെഷീനെ കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടിങ് മെഷീന്‍റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണൽ വൈകിയതിലും കോണ്‍ഗ്രസ് സംശയം ഉന്നയിക്കുകയും ഹരിയാനയിലെ ജനവിധിയല്ല ഇതെന്നും പറഞ്ഞു.

ഹിസാർ, മഹേന്ദ്രഗഡ്, പാനിപ്പത്ത് ജില്ലകളിൽ നിന്ന് ഇവിഎമ്മിനെതിരെ തുടരെ പരാതികൾ ലഭിച്ചുവെന്ന് പവന്‍ ഖേഡപറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഉടൻ‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും ഹരിയാനയിലെ ഫലം അംഗീകരിക്കാൻ സാധിക്കില്ലെന്നും ജയറാം രമേശ് പറഞ്ഞു. അവിടെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും അത് ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് സംബന്ധിച്ച് നടന്ന അട്ടിമറിയെ കുറിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും പവന്‍ ഖേരയും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഹരിയാനയിൽ ഇന്ന് കണ്ടത് കൃത്രിമത്വത്തിന്‍റെ വിജയമാണെന്നും സുതാര്യമായ ജനാധിപത്യ പ്രക്രിയയെ പരാജയപ്പെടുത്തുന്നുവെന്നും ജയറാം പറഞ്ഞു. ജനങ്ങളുടെ ഇഷ്ടം അട്ടിമറിച്ചതിന്‍റെ ആഘോഷമാണ് ഹരിയാനയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 99 ശതമാനം ബാറ്ററി കാണിച്ച വോട്ടിങ് മെഷിനുകളിൽ ബിജെപി വിജയിച്ചു. 60 മുതൽ 70 ശതമാനം വരെ ബാറ്ററി കാണിച്ച വോട്ടിങ് മെഷിനുകളിൽ കോൺഗ്രസും. ഇതിൽ കൃത്രിമം സംശയിക്കുന്നതായി കോൺഗ്രസ് വ്യക്തമാക്കി.