ബി.ജെ.പിക്ക് ഹരിയാനയില്‍ തിരിച്ചടി; വമ്പന്‍ മുന്നേറ്റം നടത്തി കോണ്‍ഗ്രസ്

Jaihind Webdesk
Thursday, October 24, 2019

ചണ്ഡീഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സര്‍ക്കാരുണ്ടാക്കാന്‍ സ്വന്തമായി ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഖട്ടാറിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. ഇന്ന് അമിത് ഷാ പങ്കെടുക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎ-യുപിഎ കക്ഷികളുടെ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. ബിജെപി 38 ഇടത്തും കോണ്‍ഗ്രസ് 33 ഇടത്തും ലീഡ് ചെയ്യുകയാണ്. എക്‌സിറ്റ് പോളുകളെ കാറ്റില്‍ പറത്തിയാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം.

90 അംഗ ഹരിയാന നിയമസഭയില്‍ 46 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. അതിനാല്‍ പത്ത് സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയുടെ പിന്തുണ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയേയും സ്വതന്ത്രരേയും കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം കോണ്‍ഗ്രസും നടത്തുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം ജെജെപിക്ക് വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരുനീക്കങ്ങള്‍ക്കായി കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയെ സോണിയാ ഗാന്ധിയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.