ആര്‍ക്കും വേണ്ടാത്ത ഹര്‍ത്താല്‍: ബി.ജെ.പിയില്‍ അടി; എന്തിനെന്നറിയാതെ നേതാക്കള്‍

Jaihind Webdesk
Friday, December 14, 2018

വേണുഗോപാലന്‍നായരുടെ ആത്മഹത്യയുമായി ബന്ധപ്പട്ട് ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തള്ളി കേരളം. ഇതോടെ ഒരാഴ്ച്ചക്കിടെയില്‍ നടത്തിയ രണ്ടാമത്തെ ഹര്‍ത്താലിനെതിരെ നേതാക്കള്‍ക്കിടയില്‍ വാക്‌പോര്. ഹര്‍ത്താല്‍ നടത്തിയതില്‍ ഒരു തെറ്റുമില്ലെന്ന് ശ്രീധരന്‍ പിള്ള സംസ്ഥാന അധ്യക്ഷന്‍ ആവര്‍ത്തിക്കുമ്പോഴും മറ്റ് നേതാക്കളുടെ പ്രതികരണം വിരുദ്ധമാണ്. കൂടുതല്‍ ദോഷമായി എന്നാണ് നേതാക്കളുടെ മുറവിളി.

തുടര്‍ച്ചയായുള്ള ഹര്‍ത്താലിനെ ചൊല്ലി ബിജെപിയില്‍ കടുത്ത ഭിന്നതയാണ്. കോര്‍കമ്മിറ്റി അംഗങ്ങളുടെ പോലും പൂര്‍ണപിന്തുണയില്ലാതെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താലിനെതിരെ പാര്‍ട്ടിപ്രവര്‍ത്തകരുടെ ശബരിമല വിഷയത്തില്‍ ബി.ജെ.പി പിന്തുണയോടെ പ്രഖ്യാപിക്കുന്ന അഞ്ചാമത്തെ ഹര്‍ത്താലാണിത്. ജനവികാരം മാനിക്കാതെയുള്ള ഹര്‍ത്താല്‍ പാര്‍ട്ടിക്ക് ദോഷം ചെയ്തുവെന്നതാണ് വാസ്തവം.

ഹര്‍ത്താലിനോട് ആഭിമുഖ്യമില്ലാത്ത സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പ്പിള്ള ചില നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നുവെന്നും ആരോപണമുണ്ട്. കോര്‍കമ്മിറ്റി അംഗങ്ങളില്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നത്തെ ഹര്‍ത്താലിനെ അനുകൂലിക്കുന്നില്ല. ഹര്‍ത്താലിനെ കുറിച്ചുള്ള ചോദ്യത്തിന് ശബരിമലവിഷയത്തില്‍ നിരാഹാര സമരം നടത്തുന്ന കോര്‍കമ്മിറ്റി അംഗം സികെ പത്മനാഭന്റെ പ്രതികരണം ഇത് വ്യക്തമാക്കുന്നു. ഹര്‍ത്താലിനെതിരായ ജനവികാരം ചൂണ്ടികാണിച്ചപ്പോള്‍ സി.പി.എം നടത്തിയ അനാവശ്യ സമരങ്ങള്‍ ചൂണ്ടികാണിച്ച് ഇന്നത്തെ ഹര്‍ത്താലിനെ ന്യായീകരിക്കാനാണ് ശ്രീധരന്‍പ്പിള്ള ശ്രമിച്ചത്.

ഒടിയന്‍ സിനിമയുെട റിലീസിനെ ബാധിക്കുെമന്ന ആശങ്ക മോഹന്‍ലാല്‍ ആരാധകരായ പാര്‍ട്ടിപ്രവര്‍ത്തകരെയും ഹര്‍ത്താലിനെതിരാക്കി. പാര്‍ട്ടിയുെട സൈബര്‍പോരാളികളില്‍ പലരും സമൂഹമാധ്യമങ്ങളില്‍ ഹര്‍ത്താലിനെതിരെ പരസ്യമായി രംഗത്തെത്തി. എന്നാല്‍ വേണുഗോപാലന്‍നായരുടെ ദാരുണ അന്ത്യം സമൂഹമധ്യത്തില്‍ ചര്‍ച്ചയാക്കാന്‍ ഹര്‍ത്താലിനായെന്നാണ് ഔദ്യോഗികവിഭാഗത്തിന്റെ വിശദീകരണം.