ഭാരത ബന്ദിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് ഹര്‍ത്താല്‍; അവശ്യ സർവീസുകള്‍ മാത്രം

Jaihind Webdesk
Monday, September 27, 2021

 

തിരുവനന്തപുരം : രാജ്യത്ത് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ച ഭാരതബന്ദിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് 12 മണിക്കൂർ ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിന് എല്‍ഡിഎഫും ദേശീയ പണിമുടക്കിന് യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ജനാധിപത്യത്തിന്‍റെയും ഫെഡറലിസത്തിന്‍റെയും തത്വങ്ങൾ സംരക്ഷിക്കുന്നതിന് ഒന്നിച്ചുനിന്ന് പോരാടണമെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനം. ഡൽഹി അതിർത്തികളിലെ സമരവേദികളിൽ കർഷകർ ഇന്ന് മാർച്ച് നടത്തും. പഞ്ചാബിൽ 230 കേന്ദ്രങ്ങളിലും ഹരിയാനയിൽ ദേശീയ പാതകളിലും കർഷകർ ഉപരോധിക്കും.ട്രെയിൻ തടയലും ഉണ്ടാകും. കോൺഗ്രസ്, സിപിഎം, എൻ സി പി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും നൂറോളം സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഭാരതബന്ദിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനത്ത് നടത്തുന്ന ഹർത്താലില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. വൈകിട്ട് ആറിനു ശേഷം ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. വിവിധ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചു.  രാജ്ഭവന് മുമ്പില്‍ കര്‍ഷകര്‍ ധര്‍ണ്ണയും സംഘടിപ്പിക്കും.

പാല്‍, പത്രം, ആംബുലന്‍സ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യസര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ നിര്‍ത്തിയിട്ടും വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിട്ടും ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് സമരസമിതി അഭ്യര്‍ത്ഥിച്ചു.