ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ ഒട്ടും ക്ലീഷേ അല്ല; പിന്തുണയുമായി ഹരിനാരായണന്‍

Jaihind Webdesk
Sunday, February 4, 2024


കേരള ഗാനം എഴുതാന്‍ ആവശ്യപ്പെട്ട് അപമാനിച്ചുവെന്ന ശ്രീകുമാരന്‍ തമ്പിയുടെ ആരോപണത്തെ ചൊല്ലി കേരള സാഹിത്യ അക്കാദമിയില്‍ പോര് മുറുകുന്നു.  ശ്രീകുമാരന്‍ തമ്പിയുടെ ഗാനം നിരാകരിച്ചുവെന്നും അദ്ദേഹത്തിന്‍റെ ഗാനത്തില്‍ ക്ലീഷേ പ്രയോഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍ പറഞ്ഞു. അതേസമയം വിവാദത്തില്‍ ശ്രീകുമാരന്‍ തമ്പിക്ക് പിന്തുണയുമായി ഹരിനാരായണന്‍ രംഗത്ത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ ഒട്ടും ക്ലീഷേ അല്ലെന്നും ഹരിനാരായണന്‍ പറഞ്ഞു.

കേരള ഗാനത്തെ ചൊല്ലി അക്കാദമിയില്‍ പോര് മുറുകുന്നു.  ശ്രീകുമാരന്‍ തമ്പിയുടെ ഗാനം നിരാകരിച്ചുവെന്നും അദ്ദേഹത്തിന്‍റെ ഗാനത്തില്‍ ക്ലീഷേ പ്രയോഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും പാട്ടില്‍ തിരുത്തല്‍ വരുത്താന്‍ ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാരന്‍ തമ്പി തയ്യാറായില്ലെന്നും സാഹിത്യ അക്കാദമി അധ്യക്ഷന്‍ പറഞ്ഞു. പകരം ബി.കെ ഹരിനാരായണന്‍റെ പാട്ടാണ് അക്കാദമി സമിതി അംഗീകരിച്ചത്. ആവശ്യപ്പെട്ട തിരുത്ത് പാട്ടില്‍ വരുത്താന്‍ ഹരിനാരായണന്‍ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു. പാട്ട് നിരാകരിച്ച കാര്യം അറിയിച്ചോ എന്ന് ചോദിക്കേണ്ടതുണ്ട്. നിരാകരണ വിവരം സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കേരള ഗാനം നിരാകരിച്ചത് സച്ചിദാനന്ദന്‍റെ പ്രതികാരം എന്ന് ശ്രീകുമാരന്‍ തമ്പി പ്രതികരിച്ചു. പാട്ട് മാറ്റിയെഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ വരികള്‍ മാറ്റിയെഴുതി. എന്നാല്‍ അക്കാദമി സെക്രട്ടറി അബൂബക്കര്‍ പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സച്ചിദാനന്ദനെ പാട്ടെഴുതാന്‍ താന്‍ വെല്ലുവിളിക്കുന്നെന്നും തന്‍റെ പാട്ട് ഇനി ജനങ്ങളുടെ പാട്ടാണെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു. അതേസമയം കേരള ഗാനത്തെ ചൊല്ലി അക്കാദമിയില്‍ പോര് മുറുകുന്നതിനിടെയാണ് ശ്രീകുമാരന്‍ തമ്പിക്ക് പിന്തുണയുമായി ഹരിനാരായണന്‍ രംഗത്തെത്തിയത്. മലയാളത്തിന് ഉന്നതമായ പാട്ടുകള്‍ സമ്മാനിച്ചയാളാണ് ശ്രീകുമാരന്‍ തമ്പി. അദ്ദേഹത്തിന്‍റെ ഏത് വരിയെക്കാളും എത്രയോ താഴെയാണ് എന്‍റെ വരികളെന്നും ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ ഒട്ടും ക്ലീഷേ അല്ലെന്നും ഹരിനാരായണന്‍ പറഞ്ഞു.

സാഹിത്യ അക്കദമിയെ സിപിഎം രാഷ്ട്രീയ വത്കരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചു. പാര്‍ട്ടി ഓഫീസ് പോലെയാണ് ഇന്നത് പ്രവര്‍ത്തിക്കുന്നതെന്നും കെ സച്ചിദാനന്ദനെ വെറുതെ ആലങ്കാരികമായി അവിടെ ഇരുത്തി ഇരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിന്റെ പ്രശ്‌നമാണ് ഇന്ന് അനുഭവിക്കുന്നത്. അക്കാദമിയെ സ്വന്തന്ത്രമാക്കി വിടണമെന്നും അദ്ദേഹം പറഞ്ഞു.