‘വൈകാരികതകളില്‍ കുടുങ്ങിനില്‍ക്കാതെ മനുഷ്യത്വമുള്ള ഈ മൂന്നുപേർ നിലപാടെടുത്തതിന്‍റെ കൂടി ഫലമാണ് ഇന്നത്തെ പേരറിവാളന്‍റെ മോചനം’; ശ്രദ്ധേയമായി കുറിപ്പ്

Jaihind Webdesk
Wednesday, May 18, 2022

 

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്‍റെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകള്‍ക്കിടെ ശ്രദ്ധേയമാവുകയാണ് മാധ്യമപ്രവർത്തകന്‍ ഹരി മോഹന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.  സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെ മനുഷ്യത്വനിലപാട് ഓര്‍ക്കാതിരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പേരറിവാളനെയും നളിനിയെയും പ്രഭാകരനെയും മനുഷ്യരായി മാത്രം കാണാൻ കഴിഞ്ഞ മൂന്നുപേരെക്കുറിച്ച് ഒരിക്കൽക്കൂടി പറഞ്ഞില്ലെങ്കിൽ നീതിയാവില്ലെന്ന് പറഞ്ഞാണ് ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

 

മാധ്യമപ്രവർത്തകൻ ഹരി മോഹന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

രാജീവ്‌ കൊല്ലപ്പെടുമ്പോൾ പേരറിവാളനും പ്രിയങ്കയ്ക്കും ഒരേ പ്രായമായിരുന്നു, 19.

അച്ഛന്റെ കൊലയാളികളോടു മാത്രമായിരുന്നില്ല, ലോകത്തോടു മുഴുവന്‍ ദേഷ്യം തോന്നിയിരുന്നു എന്ന് അന്നത്തെ ആ പെണ്‍കുട്ടി പിന്നീട് ഓര്‍ത്തെടുത്തിട്ടുണ്ട്. പിന്നീടൊരിക്കൽ പ്രതിയായ നളിനിയെക്കാണാൻ ജയിലിലെത്തിയ പ്രിയങ്ക അവരുടെ മുന്നിൽ പൊട്ടിക്കരഞ്ഞതായി നളിനി തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. 2008-ലായിരുന്നു അത്. പിന്നീട് ഇതെക്കുറിച്ച് പ്രിയങ്ക തന്നെ പറഞ്ഞിട്ടുണ്ട്- “ഞാന്‍ നളിനിയെക്കാണുമ്പോള്‍ എനിക്കു മനസ്സിലായി, എനിക്കവരോടു ദേഷ്യമില്ലെന്ന്. എന്റെയുള്ളില്‍ അവരോടു വെറുപ്പില്ല. അവര്‍ ചെയ്തതിനു മാപ്പ് കൊടുക്കുക തന്നെയാണു ഞാന്‍ ചെയ്യേണ്ടതെന്നാണ് എനിക്കു തോന്നിയത്.”

പേരറിവാളനേക്കാൾ ഒരു വയസ്സ് മാത്രം കൂടുതലേ രാഹുലിനുണ്ടായിരുന്നുള്ളൂ, 20. രാജീവ്‌ കൊല്ലപ്പെട്ട് 18 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ഒരു സംഭവമുണ്ട്, 2009-ൽ. എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കന്‍ സൈന്യം കൊലപ്പെടുത്തിയ കാലം. അന്നതേക്കുറിച്ച് തോന്നിയതെന്തെന്ന് രാഹുല്‍ പറഞ്ഞിട്ടുണ്ട്-

”എന്റെ അച്ഛന്‍ കൊല്ലപ്പെടുന്നത് 1991-ലാണ്. 2009-ല്‍ അച്ഛന്റെ മരണത്തിനു കാരണമായിത്തീര്‍ന്നൊരാള്‍ ശ്രീലങ്കയിലൊരിടത്തു കൊല്ലപ്പെട്ടു കിടക്കുന്നു. പക്ഷേ, അസ്വാഭാവികമെന്നു തോന്നുമെങ്കിലും പറയട്ടെ. ഞാനെന്റെ സഹോദരിയെ വിളിച്ചു പറഞ്ഞു, ആ കൊലപാതകം ഒട്ടും സന്തോഷിപ്പിക്കുന്നില്ല എന്ന്. എന്റെ അച്ഛനെ കൊന്നയാള്‍ കൊല്ലപ്പെട്ടു കിടക്കുന്നു. ഞാനത് ആഘോഷിക്കേണ്ടതാണ്. പക്ഷേ എന്തുകൊണ്ടോ എനിക്കു സന്തോഷം തോന്നിയില്ല. പ്രിയങ്ക തിരികെപ്പറഞ്ഞത്, ശരിയാണ്. എനിക്കും സന്തോഷം തോന്നുന്നില്ല. എനിക്കറിയാം അയാള്‍ മരിച്ചുകിടക്കുന്ന അതേ സമയത്ത് അയാളുടെ മക്കള്‍ കരയുകയാണ്, അന്നു ഞാന്‍ കരഞ്ഞതുപോലെ എന്ന്. അയാള്‍ ഒരു ചീത്ത മനുഷ്യനായിക്കോട്ടെ. പക്ഷേ, അയാളുടെ മരണം മറ്റാരെയൊക്കെയോ ബാധിക്കുന്നുണ്ട്, എന്റച്ഛന്റെ മരണം എന്നെ ബാധിച്ചതു പോലെ. ആഴത്തില്‍ ചിന്തിച്ചാല്‍ ആ അക്രമത്തിനു പിന്നിലുള്ള കാരണം കണ്ടെത്താനായേക്കും. അതൊരു ഒറ്റപ്പെട്ട സംഭവമല്ല. അവര്‍ക്കു നേരെ നടന്ന അക്രമങ്ങളും അവര്‍ നടത്തിയ അക്രമങ്ങളിലേക്കു വിരല്‍ ചൂണ്ടുന്നുണ്ടാവാം.”

കുറച്ചു വർഷങ്ങൾക്കു മുൻപു സംവിധായകൻ പാ രഞ്ജിത് താൻ രാഹുലുമായി നടത്തിയ ഒരു കൂടിക്കാഴ്ചയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്- “രണ്ടുമണിക്കൂർ ഞങ്ങൾ സംസാരിച്ചു. ഞാൻ അദ്ദേഹത്തോട് പേരറിവാളന്റെ മോചനത്തേക്കുറിച്ചു ചോദിച്ചു. താനോ തന്റെ കുടുംബമോ പേരറിവാളന്റെ മോചനത്തിനു തടസ്സമായി നിൽക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.”

 

രാജീവ്‌ കൊല്ലപ്പെട്ട് എട്ടുവർഷത്തിനു ശേഷം, സജീവ രാഷ്ട്രീയത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നോ എന്നുറപ്പില്ലാത്ത കാലത്ത് സോണിയാ ഗാന്ധിയെടുത്ത നിലപാട് അന്നുമിന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വൈകാരികതയുടെ ഒരംശം പോലുമില്ലാതെ സ്വന്തം ഭർത്താവിന്റെ കൊലയാളികളായി ജയിലിൽകിടക്കുന്നവരോടു മനുഷ്യനായി നിന്നു പെരുമാറാനും നിലപാടെടുക്കാനും സോണിയക്കു കഴിഞ്ഞു. വധശിക്ഷയാണു നളിനിക്കു കോടതി വിധിച്ചത്. പക്ഷേ ഗര്‍ഭിണിയായ നളിനിക്കു ജീവപര്യന്തം കൊടുക്കുകയാണു വേണ്ടതെന്ന് സോണിയ പറഞ്ഞതായി ബി.ബി.സി അക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ”നളിനിയുടെ കുഞ്ഞ് അനാഥയാവരുത് എന്നു ഞാനാഗ്രഹിക്കുന്നു” എന്നായിരുന്നു സോണിയ അന്നു പറഞ്ഞത്. ”മറ്റൊരു കുഞ്ഞ് കൂടി അനാഥയാകാന്‍ അമ്മ ആഗ്രഹിച്ചിരുന്നില്ല. ആ കുഞ്ഞ് നിഷ്ക്കളങ്കയാണ്. അതെന്താണു ചെയ്തത്” എന്നായിരുന്നു പ്രിയങ്ക പില്‍ക്കാലത്ത് ഇതിനോടു പ്രതികരിച്ചത്.

പേരറിവാളനെയും നളിനിയെയും പ്രഭാകരനെയും മനുഷ്യരായി മാത്രം കാണാൻ കഴിഞ്ഞ ഈ മൂന്നുപേരെക്കുറിച്ച് ഒരിക്കൽക്കൂടി പറഞ്ഞില്ലെങ്കിൽ നീതിയാവില്ല. ഒരമ്മയുടെ 31 വർഷം നീണ്ട പോരാട്ടത്തെ എല്ലാ ആദരവോടും കൂടി ഓർക്കുന്നതിനൊപ്പം കൂടി പറയുന്നു, വൈകാരികതകളിൽ കുടുങ്ങിനിൽക്കാതെ മാനവികമായി ഈ മൂന്നു മനുഷ്യർ നിലപാടെടുത്തതിന്റെ കൂടി ഫലമാണ് ഇന്നത്തെ പേരറിവാളന്റെ മോചനം. ചർച്ച ചെയ്യപ്പെടാതെ പോകുന്ന, മറ്റൊന്നിനും റദ്ദാക്കാൻ കഴിയാത്ത മനുഷ്യത്വമുള്ള മൂന്നു മനുഷ്യരെ ഓർക്കാതെ പോവാൻ കഴിയാത്തതുകൊണ്ട് എഴുതിയത്.