പണത്തിനായി സിപിഎം നേതാക്കളുടെ പീഡനം; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

Jaihind Webdesk
Sunday, September 25, 2022

 

പത്തനംതിട്ട: സിപിഎം നേതാക്കളുടെ പീഡനത്തെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റിനും ലോക്കൽ സെക്രട്ടറിക്കും എതിരായ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. പെരുനാട് മേലേതിൽ ബാബുവാണ് പാർട്ടി നേതാക്കൾക്കെതിരെ കത്തെഴുതി വെച്ച് ആത്മഹത്യ ചെയ്തത്.

ആത്മഹത്യ ചെയ്ത പത്തനംതിട്ട പെരുനാട് മേലേതിൽ ബാബുവും സിപിഎം അനുഭാവിയാണ്. വീടിനോട് ചേർന്ന പഞ്ചായത്ത് വെയ്റ്റിംഗ് ഷെഡ് നിർമ്മാണത്തെ ചൊല്ലി ബാബുവുമായി തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പെരുനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി റോബിനും പഞ്ചായത്ത് പ്രസിഡന്‍റും പെരുനാട് സഹകരണ ബാങ്ക് പ്രസിഡന്‍റും സിപിഎം ജില്ലാ കമ്മറ്റിയംഗവുമായ പി.എസ് മോഹനനും തന്നെ നിരന്തരമായി മാനസികമായി പീഡിപ്പിക്കുന്നതായി ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

പ്രതിസന്ധിയിൽ പോകുന്ന പെരുനാട് സഹകര ബാങ്കിൽ 20 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പി.എസ് മോഹനന് 3 ലക്ഷം രൂപയും ലോക്കൽ സെക്രട്ടറി റോബിനും മറ്റൊരു പഞ്ചായത്തംഗം ശ്യാമിനും ഒരു ലക്ഷം വീതം നൽകിയാൽ പ്രശ്നം പരിഹരിക്കാമെന്നും പറഞ്ഞതായും ബാബുവിന്‍റെ ആത്മഹത്യാ കുറിപ്പിലുണ്ട്. വീടിന് സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെയാണ് ബാബുവിനെ കണ്ടെത്തിയത്. മൃതദേഹം പോലീസ് പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി.