പത്തനംതിട്ടയില്‍ സിപിഎം ഏരിയാ കമ്മറ്റി അംഗത്തിനെതിരായ പീഡന പരാതി; മൂന്നംഗ സമിതിയെ നിയോഗിച്ചു

Jaihind Webdesk
Friday, April 28, 2023

പത്തനംതിട്ട: പത്തനംതിട്ട സി പി എം ഏരിയാ കമ്മറ്റി അംഗത്തിനെതിരായ പീഡന പരാതി അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. വീട്ടിൽ ഒറ്റക്കായിരുന്ന സമയം ഏരിയാക്കമ്മറ്റി അംഗം പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ താമസിക്കുന്ന പാർട്ടി പ്രവർത്തക നൽകിയ പരാതിയെ തുടർന്നാണ് കോഴഞ്ചേരി ഏരിയാ കമ്മറ്റി അംഗത്തിനെതിരെ അന്വേഷണം നടത്താൻ മൂന്നംഗ സമിതി രൂപീകരിച്ചത്. മുതിർന്ന നേതാവും ജില്ലാ കമ്മറ്റി അംഗവുമായ ബാബു ജോർജ്, ജില്ലാ കമ്മറ്റി അംഗം ആർ അജയകുമാർ, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് വി ജി ശ്രീലേഖ എന്നിവരാണ് സമിതി അംഗങ്ങൾ.

വീട്ടിൽ ഒറ്റക്കായിരുന്ന സമയം ഏരിയാക്കമ്മറ്റി അംഗം പീഡിപ്പിക്കാൻ ശ്രമിച്ചതായുള്ള വീട്ടമ്മയുടെ പരാതി ഒതുക്കി തീർക്കാൻ പ്രാദേശിക നേതൃത്വം ശ്രമം നടത്തിയെങ്കിലും പരാതിക്കാരി പോലീസിൽ പരാതി നൽകും എന്ന് അറിയിച്ചതോടെ കോഴഞ്ചേരി ഏരിയാ കമ്മറ്റി ഇന്നലെ അടിയന്തിരമായി പ്രശ്നം ചർച്ച ചെയ്യുകയും, തുടർന്ന് അന്വേഷണത്തിന് മുതിർന്ന നേതാവിൻ്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിക്കുകയുമായിരുന്നു.