കൊല്ലം : ഇടത് അധ്യാപകസംഘടനാ പ്രവർത്തകരുടെ മാനസിക പീഡനത്തിലും ഭീഷണിയിലും സമൂഹമാധ്യമ അധിക്ഷേപത്തിലും നീതി തേടി കോളേജ് അധ്യാപിക. നങ്ങ്യാർകുളങ്ങര ടി.കെ.എം കോളേജിലെ യുവഅധ്യാപികയ്ക്കാണ് ദുരനുഭവം. സ്റ്റാഫ് കൗൺസിൽ യോഗത്തിൽ തന്നെ കയ്യേറ്റം ചെയ്തതുൾപ്പെടെ അധ്യാപികയുടെ പരാതിയിൽ പ്രിൻസിപ്പലടക്കം 7 പേർക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. ഇതിനിടെ അധ്യാപികയെ ചെങ്ങന്നൂർ കോളേജിലേക്ക് സ്ഥലം മാറ്റി.
കഴിഞ്ഞ വർഷം സെപ്റ്റംബർ മുതലാണ് അധ്യാപിക സഹപ്രവർത്തകരുടെ മാനസിക പീഡനത്തിനും ഭീഷണികൾക്കും സമൂഹമാധ്യമ അധിക്ഷേപത്തിനും ഇരയായി തുടങ്ങിയത്. ഇടത് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ
നേതാവും എക്കണോമിക്സ് വിഭാഗം തലവനുമായ രാജിവ് എസ് ആറിൽ നിന്നാണ് അധ്യാപിക ഏറെ മാനസിക പീഡനം നേരിട്ടത്. അശ്ലീല ചുവയോടെ സംസാരിച്ച ഇദ്ദേഹത്തിനെതിരെ പ്രിൻസിപ്പലിന് ഇവർ നേരത്തെ പരാതി നൽകിയിരുന്നു. പരാതി തള്ളിയ ശേഷം പിന്നിടിങ്ങോട്ട് സംഘടനാ പ്രവർത്തകരും സഹപ്രവർത്തകരും ചേർന്ന് നിരന്തരം വേട്ടയാടുകയായിരുന്നു.
അധ്യാപിക പരാതിയിൽ ഉറച്ചുനിന്നതോടെ അന്വേഷണത്തിനായി രണ്ട് അധ്യാപകരുടെ ഒരു കമ്മിറ്റി രൂപീകരിച്ചെങ്കിലും പരാതിക്കാരിയുടെ മൊഴി പോലും രേഖപ്പെടുത്താതെ ഇവർ പരാതിയിൽ കഴമ്പില്ലെന്ന് റിപ്പോർട്ട് നൽകി. ആഗസ്റ്റ് 16 ന് കോളേജിൽ നടന്ന സ്റ്റാഫ് അസോസിയേഷൻ യോഗത്തിൽ അധ്യാപിക ഇതിനെ ചോദ്യം ചെയ്തതോടെ രാജീവ് എസ്.ആർ. ഉൾപ്പടെയുള്ളവർ ഇവരെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരത്തും ചികിത്സ തേടിയ അധ്യാപിക നൽകിയ പരാതിയിൽ പ്രിൻസിപ്പൽ ഉൾപ്പെടെ 7 അധ്യാപകർക്കെതിരെ മാനസികപീഡനത്തിനും കയ്യേറ്റശ്രമത്തിനും പൊലീസ് കേസെടുത്തു.
അധ്യാപികയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെങ്കിലും തുടരന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. കേസ് അട്ടിമറിക്കാനും എകെപിസിടിഎ അംഗങ്ങളായ അധ്യാപകരെ സംരക്ഷിക്കാനും വിവിധ കോണുകളിൽ
ശ്രമം നടക്കുന്നതായ ആരോപണത്തിനിടയിൽ പരാതിക്കാരിയായ അധ്യാപികയെ ചെങ്ങന്നൂർ കോളേജിലേക്ക് മാനേജ്മെന്‍റ് സ്ഥലം മാറ്റി.