കൊവിഡ് കാലത്തും മുടങ്ങിയ കൂലി ലഭിക്കാതെ കൈത്തറി തൊഴിലാളികള്‍ ദുരിതത്തില്‍

Jaihind News Bureau
Saturday, April 11, 2020

കണ്ണൂർ: കൊവിഡ് കാലഘട്ടത്തിലും മുടങ്ങിയ കൂലി ലഭിക്കാതെ കൈത്തറി തൊഴിലാളികൾ. കൈത്തറി മേഖലയില്‍ കൂലി മുടങ്ങിയിട്ട് നാല് മാസം പിന്നിടുമ്പോള്‍ കൈത്തറി തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിൽ. ലോക്ക്ഡൗൺ വേളയിലെങ്കിലും കുടിശികയായി കിടക്കുന്ന കൂലി അനുവദിക്കുമെന്ന പ്രതീക്ഷയിൽ കൈത്തറി തൊഴിലാളികൾ.

കഴിഞ്ഞ നാല് മാസത്തിലേറെയായി കൈത്തറി തൊഴിലാളികൾക്ക് ലഭിക്കേണ്ട കൂലി കുടിശികയായി കിടക്കുകയാണ്. വരുമാനത്തിന്‍റെ 60 ശതമാനം ബാങ്ക് വഴിയും 40 ശതമാനം സഹകരണ സംഘങ്ങള്‍ വഴിയുമാണ് തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്നത്. എന്നാൽ നവംബർ മാസം മുതലുള്ള കൂലി ഇതുവരെയും കൈത്തറി തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയാണ് കുടിശികയ്ക്ക് കാരണമായത്. ഇപ്പോള്‍ ഓരോ മാസം പിന്നിടുമ്പോഴും സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് നാളുകളെണ്ണി നീക്കുമ്പോഴും തൊഴിലാളികളില്‍ ആശങ്കകള്‍ കൂടി വരികയാണ്. വടക്കന്‍ ജില്ലയിലെ തൊഴിലാളികളാണ് കൂലി ലഭിക്കാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്.

കണ്ണൂര്‍ ജില്ലയില്‍ മാത്രം ഏകദേശം 45 ഓളം സഹകരണ സംഘങ്ങളും 15,000 ഓളം നെയ്ത്ത് തൊഴിലാളികളുമാണ് ഉള്ളത്.
കണ്ണൂര്‍ ജില്ലയ്ക്ക് പുറമേ കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലും പ്രതിസന്ധി രൂക്ഷമാണ്. നെയ്ത്ത് ശാലയിലെ തൊഴിലിന് ശേഷം വീടുകളിൽ നിന്ന് നെയ്തെടുക്കുന്ന ഉല്പന്നങ്ങൾ വിറ്റും, ഇടവേളകളിലും മറ്റും തൊഴിൽ എടുത്തുമാണ് ഇവർ ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നത്. എന്നാൽ കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് കൈത്തറി തൊഴിലാളികൾ. കൊവിഡ് കാലഘട്ടത്തിലെങ്കിലും തങ്ങളുടെ കുടിശിക തകരുമെന്ന പ്രതീക്ഷയിലാണ് കൈത്തറി തൊഴിലാളികൾ.