തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മോദിയുടെ കൈകളില്‍ വിലങ്ങ് വീഴും: പരകാല പ്രഭാകര്‍

Jaihind Webdesk
Friday, May 17, 2024

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ഭര്‍ത്താവുമായ ഡോ. പരകാല പ്രഭാകര്‍. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മോദിയുടെ ഭാവി എല്ലാ സ്വേച്ഛാധിപതികളേയും പോലെ, കൈവിലങ്ങുകളിലോ, ശവപ്പെട്ടികളിലോ അവസാനിക്കുമെന്നായിരുന്നു പരകാല പ്രഭാകറിന്‍റെ പ്രതികരണം. ദി വയറിന് വേണ്ടി കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിലാണ് പ്രഭാകറിന്‍റെ പ്രതികരണം.

ബിജെപിക്ക് 200 മുതല്‍ 220 സീറ്റ് വരെ മാത്രമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഇതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരും. തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ മോദിയുടെ ഭാവി എല്ലാ സ്വേച്ഛാധിപതികളേയും പോലെ, കൈവിലങ്ങുകളിലോ, ശവപ്പെട്ടികളിലോ അവസാനിക്കുമെന്നും പരകാല പ്രഭാകര്‍ പറഞ്ഞു.  എന്‍ഡിഎക്ക് 220 സീറ്റുകളില്‍ താഴെ മാത്രമേ നേടാനാകൂവെന്ന് അഭിമുഖത്തില്‍ പ്രഭാകര്‍ വ്യക്തമാക്കി. ബിജെപി മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെങ്കില്‍ നരേന്ദ്ര മോദിയുടെ ഭാവി എന്തായിരിക്കുമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പിറ്റേന്ന് ജൂണ്‍ 5ന് തന്നെ ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രഭാകര്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ ബിജെപിക്ക് 80 മുതല്‍ 95 സീറ്റുകളെങ്കിലും നഷ്ടപ്പെടും. ബിജെപി പ്രതീക്ഷിച്ചത് പോലുള്ള വേര്‍തിരിവ് രാമക്ഷേത്രം- ജനങ്ങളില്‍ ഉണ്ടാക്കിയിട്ടില്ലെന്നും പരകാല പ്രഭാകര്‍ പറഞ്ഞു. 2014 മുതല്‍ ബിജെപിക്ക് കിട്ടിയ അധിക വോട്ടുകള്‍ തിവ്രഹിന്ദുത്വയുടെ ഭാഗമാണെന്നാണ് ബിജെപിയിലെ ഒരുവിഭാഗവും രാഷ്ട്രീയ നിരീക്ഷകരും കണക്കാക്കുന്നത്. അത് ശരിയല്ലെന്ന നിരീക്ഷണമാണ് പരകാല പ്രഭാകര്‍ നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയുടെ ഭൂപടം തന്നെ മാറുമെന്നും പ്രഭാകര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.