സംസ്ഥാന ഹജ്ജ് ക്യാമ്പിന് നാളെ തുടക്കം; അതിഥികളെ സ്വീകരിക്കാൻ ഒരുങ്ങി പൂക്കോട്ടൂർ

Jaihind Webdesk
Friday, April 26, 2019

സംസ്ഥാന ഹജ്ജ് ക്യാമ്പിന് മലപ്പുറത്തെ പൂക്കോട്ടൂർ ഒരുങ്ങി. പതിനായിരത്തോളം പേർ പങ്കെടുക്കുന്ന 2 ദിവസത്തെ ഹജ്ജ് ക്യാമ്പ് നാളെ ആരംഭിക്കും.

അല്ലാഹുവിന്‍റെ അതിഥികളെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് പൂക്കോട്ടൂർ ഗ്രാമം. ഈ വർഷത്തെ ഹജ്ജ് യാത്രക്ക് അനുമതി ലഭിച്ചവർക്ക് വേണ്ടി പൂക്കോട്ടൂർ ഖിലാഫത്ത് യതീംഖാനയിൽ നടത്തുന്ന ഹജ്ജ് പഠന ക്യാമ്പിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പതിനായിരം ഹാജിമാർക്ക് ഇരിക്കാനുള്ള വിശാലമായ പന്തലും, മെസ് ഹാളും സജ്ജമായി. ശനി, ഞായർ ദിവസങ്ങളിലായിട്ടാണ് ക്യാമ്പ് നടക്കുന്നത്. 18 വർഷമായി പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പ് നടന്നു വരുകയാണ്. വീട്ടിൽ നിന്നിറങ്ങി തിരിച്ചെത്തുന്നത് വരെയുള്ള ഹജ്ജിന്‍റെ കർമ്മങ്ങൾ വിശദമായി ക്ലാസിൽ വിവരിക്കുമെന്ന് അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു.

നാളെ രാവിലെ ജിഫ്രി മുത്തുക്കോയ തങ്ങൾ ക്ലാസ് ഉദ്ഘാടനം ചെയ്യും. ഇക്കൊല്ലം കൊച്ചിക്ക് പുറമെ കരിപ്പൂരിൽ നിന്നും ഹജ്ജ് യാത്രാ വിമാന സർവ്വീസ് നടത്തുന്നുണ്ട്. 2,500 പേർ കൊച്ചിയിൽ നിന്നും ബാക്കിയുള്ളവർ കരിപ്പൂരിൽ നിന്നുമാണ് യാത്ര തിരിക്കുക.