മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണറായി ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റു

Jaihind News Bureau
Wednesday, February 19, 2025

ഇന്ത്യയുടെ 26-ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റു. രാജീവ് കുമാറിന് പകരക്കാരനായാണ് അദ്ദേഹം ചുമതലയേറ്റത്. 2023 ലെ നിയമപ്രകാരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും മററു തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമന പ്രക്രിയയെ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റത്.

18 വയസ്സ് പൂര്‍ത്തിയായ ഇന്ത്യയിലെ ഓരോ പൗരനും വോട്ടര്‍മാരാകണമെന്ന് ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ചുമതലയേറ്റ ശേഷം തന്റെ ആദ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്ര നിര്‍മ്മാണത്തിലേക്കുള്ള ആദ്യപടി വോട്ടെടുപ്പാണ്. അതിനാല്‍, 18 വയസ്സ് പൂര്‍ത്തിയായ ഇന്ത്യയിലെ ഓരോ പൗരനും വോട്ടര്‍ ആകണം, എല്ലാ തവണയും വോട്ട് അവകാശം അവര്‍ വിനിയോഗിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എപ്പോഴും വോട്ടര്‍മാര്‍ക്കൊപ്പമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുടെ നിയമനം സംബന്ധിച്ച പുതിയ നിയമ പ്രകാരം അധികാരമേല്‍ക്കുന്ന ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് ഗ്യാനേഷ് കുമാര്‍. അതേസമയം , ഗ്യാനേഷ്‌കുമാറിന്റെ നിയമനം കോണ്‍ഗ്രസ് എതിര്‍ക്കുകയാണ് . സുപ്രീംകോടതി വിധി മറികടക്കാന്‍ 2023്ല്‍ പാസ്സാക്കിയ നിയമത്തിനെതിരേ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയില്‍ കോടതി വിധി എത്തും വരെ നിയമനം വൈകിപ്പിക്കണമെന്ന പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്ന സെലക്ഷന്‍ പാനലില്‍ നിന്ന് ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനെ പുതിയ നിയമത്തിലൂടെ ഒഴിവാക്കിയിരുന്നു. പധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ഒരു പാനല്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കണമെന്നാണ് സുപ്രീം കോടതി വിധിച്ചത്. എന്നാല്‍ 2023 ഡിസംബറില്‍ പാര്‍ലമെന്റ് പുതിയ നിയമം പാസാക്കിയതിലൂടെ ഈ ഉത്തരവ് മറികടക്കുകയായിരുന്നു.

മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായി ഗ്യാനേഷ് കുമാര്‍ അധികാരമേററതിനു പുറമേ ഹരിയാന കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ വിവേക് ജോഷി തിരഞ്ഞെടുപ്പ് കമ്മീഷണറായും അധികാരമേറ്റു.