ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ പുണ്യാഹശുദ്ധിക്രിയകള്‍ നടത്തും. റീല്‍സ് ചിത്രീകരിക്കാനായി അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയ സംഭവത്തെ തുടര്‍ന്നാണ് പുണ്യാഹം. നാളെ ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണവും ഉണ്ടാകും. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ബിഗ് ബോസ് താരവുമായ ജാസ്മിന്‍ ജാഫറാണ് റീല്‍സ് ചിത്രീകരണത്തിനായി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ഇറങ്ങിയത്. ജാസ്മിന്‍ ജാഫര്‍ ഇന്‍്സ്റ്റഗ്രാമില്‍ റീല്‍സ് പോസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് അത് ഡിലീറ്റ് ചെയ്തു
ഗുരുവായൂരപ്പനെ ആറാടിക്കുന്നത് ഈ ക്ഷേത്രക്കുളത്തിലാണ്. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തില്‍ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. അഹിന്ദുക്കള്‍ക്ക് കുളത്തിലിറങ്ങാന്‍ അനുമതിയുമില്ല. അനുമതിയില്ലാതെ റീല്‍സ് ചിത്രീകരിച്ചതിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് പരാതി നല്‍കിയത്. ശുദ്ധികര്‍മങ്ങള്‍ നടക്കുന്നതുമൂലം ആഗസ്റ്റ് 26ന് കാലത്ത് അഞ്ചുമുതല്‍ ഉച്ചവരെ ദര്‍ശന നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ദേവസ്വം അറിയിച്ചു. പുണ്യാഹകര്‍മങ്ങള്‍ കഴിഞ്ഞ ശേഷം വൈകുന്നേരം മാത്രമേ ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളു.