ഗുരുവായൂര്‍ ഏകാദശി; ഡിസംബർ 3, 4 തീയതികളിലായി ആഘോഷിക്കാൻ തീരുമാനം

Jaihind Webdesk
Saturday, November 26, 2022

തൃശൂര്‍: ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ഡിസംബർ 3, 4 തിയതികളിലായി ആഘോഷിക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു. ക്ഷേത്രം തന്ത്രിയുടെയും , ഊരാളന്‍റെയും അഭിപ്രായം പരിഗണിച്ചാണ് ദേവസ്വം അന്തിമ തീരുമാനം സ്വീകരിച്ചത്. ഈ വർഷത്തെ ഗുരുവായൂർ ഏകാദശിയുടെ തീയതിയുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ഭിന്നാഭിപ്രായങ്ങളാണ് ചർച്ചകൾക്ക് വഴിവെച്ചത്

സാധാരണയിൽ നിന്നും വിത്യസ്തമായി രണ്ട് ദിവസമായാണ് ഈ വർഷം ഗുരുവായൂർ ഏകാദശി . 57.38 നാഴിക ഏകാദശിയായി വരുന്നത് വൃശ്ചികം 17 ആം തിയതിയായ ഡിസംബർ 3 നാണ്. ഇതിന്‍റെ പശ്ചാത്തലത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി ദിനേശൻ നമ്പൂതിരിപ്പാടിന്‍റെയും , ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിന്‍റെയും അഭിപ്രായം അനുസരിച്ച് ഡിസംബർ 3 ന് തന്നെ ഏകാദശി ആഘോഷിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ ഈ തിയതി തെറ്റാണെന്ന് ചൂണ്ടികാട്ടി കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരി ഉൾപ്പടെയുളള ജ്യോതിഷ പണ്ഡിതന്മാർ രംഗത്ത് എത്തിയിരുന്നു. തുടർന്ന് നടത്തിയ ചർച്ചകളിലാണ് പുതിയ തീരുമാനം. 1992 – 93 വർഷങ്ങളിൽ സമാന സാഹചര്യം ഉടലെടുത്തപ്പോൾ ദേവസ്വം സ്വീകരിച്ച നടപടിക്രമം കൂടെ കണക്കിലെടുത്താണ് ഡിസംബർ നാലിന് ഏകാദശി ആഘോഷിക്കാൻ അന്തിമ തീരുമാനം സ്വീകരിച്ചത്. ദേവസ്വത്തിന്‍റെ ആഭിമുഖ്യത്തിലാണ് ഈ ദിവസം വിളക്ക് നടത്തുക. ദ്വാദശി പണ സമർപ്പണം ഡിസംബർ 4 ന് രാത്രി 12 മണി മുതൽ ഡിസംബർ അഞ്ചിന് 9 മണി വരെ നടക്കും.

നേരത്തെ നിശ്ചയിച്ചത് അനുസരിച്ച് ഗജരാജൻ കേശവൻ അനുസ്മരണം ഡിസംബർ രണ്ടിന് നടക്കും. ഡിസംബർ 3 ന് ചെമ്പൈ സംഗീതോത്സവം സമാപിക്കും. 3 നും 4 നും ഏകാദശി ഊട്ടും ഉണ്ടാകും. ആറാം തിയതിയാണ് ത്രയോദശി ഊട്ട്. അതേസമയം ഏകാദശി ദിവസങ്ങളിൽ രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ പൊതുവരി നിന്നുള്ള ദർശനത്തിന് മാത്രമാണ് അനുമതി. ചോറൂണ് കഴിഞ്ഞ് വരുന്നവർക്കുള്ള പ്രത്യേക ദർശനം ഉണ്ടാകില്ല. എന്നാൽ ശ്രീലകത്ത് നെയ്യ് വിളക്ക് ശീട്ടാക്കുന്നവർക്കുള്ള പ്രത്യേക ദർശനം അനുവദിക്കും.