പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പേരിൽ ശ്രീനാരായണ ഗുരുവിനെ സംബന്ധിച്ച പാഠ്യഭാഗങ്ങൾ പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയ പിണറായി സർക്കാറിന്റെ നടപടി പുനഃ പരിശോധിക്കണമെന്നും ഒഴിവാക്കിയ പാഠഭാഗങ്ങൾ പുന:സ്ഥാപിക്കണമെന്നും മുൻ സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് അഭ്യർത്ഥിച്ചു.
വിശദമായ പഠനത്തിനു ശേഷമാണ് ശ്രീനാരായണ പഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ഉമ്മൻചാണ്ടി സർക്കാർ തീരുമാനിച്ചത്. പ്രൊഫസർ എം കെ സാനു, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ഋതംഭരാനന്ദ, ഡോക്ടർ എം ആർ രാഘവ വാര്യർ, ഡോക്ടർ ജോർജ് ഓണക്കൂർ, ഡോക്ടർ എസ് ഓമന, ശ്രീനാരായണ അന്തർദ്ദേശിയ പഠന കേന്ദ്രം ഡയറക്ടർ അഡ്വക്കറ്റ് ടി കെ ശ്രീനാരായണദാസ് എന്നിവരെ ഉൾപ്പെടുത്തി 2011 നവംബർ 10 ന് സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച കമ്മിറ്റി വിശദമായ പഠനത്തിനുശേഷമാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത് .ഈ റിപ്പോർട്ട് ഉമ്മൻചാണ്ടി മന്ത്രിസഭ അംഗീകരിച്ചതിനെ തുടർന്നാണ് സമിതി നിർദ്ദേശിച്ച രചനാ ഭാഗങ്ങൾ 2013 -14 അധ്യയന വർഷം മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുവാൻ 29.9.2012 ന് സർക്കാർ ഉത്തരവ് നമ്പർ 308/2012 പ്രകാരം പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് മൂന്നാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള മലയാളം, സോഷ്യൽ സയൻസ് പാഠപുസ്തകങ്ങളിൽ ഗുരു പഠനം മുൻനിർത്തിയുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതുമാണ്. തുടർന്നുള്ള വർഷങ്ങളിൽ ബിരുദ തലത്തിലും ഗുരു പഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അന്ന് തീരുമാനിച്ചിരുന്നു . യുഡിഎഫ് സർക്കാറിന്റെ അഭിമാനകരമായ നേട്ടമാണിതെന്നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഫെയ്സ്ബുക്ക് പേജിൽ വിശേഷിപ്പിച്ചത്. മാത്രമല്ല തുടർനടപടികൾക്കായി ശ്രീനാരായണ അന്തർദേശീയ പഠന കേന്ദ്രം ഡയറക്ടർ ശ്രീ നാരായണദാസിനെ എൻ സി ഇ ആർ ടി യുടെ സിലബസിന് മേൽനോട്ടം വഹിക്കുന്ന സമിതിയിലേക്ക് സംസ്ഥാന ഗവൺമെന്റ് നാമനിർദ്ദേശം ചെയ്യുകയും ചെയ്തു. മന്ത്രിയെന്ന നിലയിൽ ഞാൻ ചുമതല വഹിച്ചിരുന്ന സാംസ്കാരിക വകുപ്പിന്റെ കീഴിലാണ് ശ്രീനാരായണ അന്തർദേശീയ പഠന കേന്ദ്രം അന്ന് പ്രവർത്തിച്ചിരുന്നത്. പഠന കേന്ദ്രം തന്നെ ശ്രീനാരായണ പഠനം വ്യാപിപ്പിക്കാൻ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിരുന്നതാണ്.
എന്തുകൊണ്ടാണ് ഇപ്പോൾ പിണറായി സർക്കാർ പാഠപുസ്തകങ്ങളിൽ ഉണ്ടായിരുന്ന ശ്രീനാരായണ പഠനഭാഗങ്ങൾ ഒഴിവാക്കിയതെന്നതിന് ഉത്തരം പറയാൻ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. ഈ കാര്യത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും ശ്രീനാരായണ പഠന ഭാഗങ്ങൾ പാഠപുസ്തകത്തിൽ നിലനിർത്തുവാൻ നടപടികൾ സ്വീകരിക്കണമെന്നും കെ സി ജോസഫ് അഭ്യർത്ഥിച്ചു