
ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷവും മഹാസമ്മേളനവും കൊല്ലം ആശ്രമം മൈതാനത്ത് വിപുലമായ പരിപാടികളോടെ നടന്നു. സമ്മേളനം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും, ഭരണഘടനയുടെയും ഗുരുദേവ ദർശനങ്ങളുടെയും അന്തഃസത്ത ഒന്നാണെന്നും രാഹുൽ ഗാന്ധി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഏറ്റവും വശ്യമായ കൂടിക്കാഴ്ചയായിരുന്നു ഗുരുവും ഗാന്ധിജിയും തമ്മിൽ നടന്നതെന്നും അദ്ദേഹം അനുസ്മരിച്ചു.
വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിന് ഗുരുവിനെയും ഗാന്ധിയെയും മാതൃകയാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ഗുരു-ഗാന്ധി സമാഗമം പകർന്നുനൽകിയ മഹത്തായ സന്ദേശം ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ ഏവരും തയ്യാറാകണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. കാലത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കാൻ ഈ സന്ദേശം പ്രചോദനമാകട്ടെയെന്ന് കെപിസിസി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് എംഎൽഎ ആശംസിച്ചു.
ജാതിമത ചിന്തകൾക്കപ്പുറം മതേതരത്വവും മതസൗഹാർദവും ചിട്ടപ്പെടുത്തണമെന്ന ആശയമാണ് ഇരു മഹാത്മാക്കളും കൈമാറിയതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ശിവഗിരി ധർമസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ മത മേലധ്യക്ഷന്മാരും, ജനപ്രതിനിധികളും, യുഡിഎഫ് ഘടകകക്ഷി നേതാക്കളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ മഹാസമ്മേളനത്തിൽ പങ്കെടുത്തു. ശിവഗിരി മഠത്തിന്റെയും കെപിസിസിക്ക് കീഴിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.