‘ഇതോ ഗുജറാത്ത് മോഡല്‍?’; കൊവിഡ് മരണനിരക്കില്‍ രാജ്യത്ത് ഏറ്റവും മുന്നില്‍ മോദിയുടെ ഗുജറാത്ത്

Jaihind News Bureau
Friday, April 10, 2020

ബിജെപി നേതൃത്വവും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൊട്ടിഘോഷിക്കുന്ന ഒന്നാണ് ഗുജറാത്ത് മോഡല്‍ വികസനം. എന്നാല്‍ ഇതേ ഗുജറാത്തിലെ പൊതു ആരോഗ്യസംവിധാനങ്ങളുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഏപ്രില്‍ 7ന് പുറത്തിറക്കിയ വിവരങ്ങള്‍ പ്രകാരം കൊവിഡ് മരണനിരക്കില്‍ രാജ്യത്ത് ഏറ്റവും മുന്നിലാണ് ഗുജറാത്ത് സംസ്ഥാനം. സംസ്ഥാനത്താകെയുള്ള 165 രോഗബാധിതരില്‍ 13 പേരും മരണപ്പെട്ടു. സംസ്ഥാനത്തെ മരണനിരക്ക് 7.88 ശതമാനമാണ്. ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് 2.87 ശതമാനമായിരിക്കെയാണിത്‌.

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം മാത്രമാണ് കൊവിഡ് രോഗികള്‍ക്കായി ആശുപത്രികളില്‍ സര്‍ക്കാര്‍ പ്രത്യേക ക്രമീകരണങ്ങളൊരുക്കിയത്. ഗുരുതരമായ സ്ഥിതിവിശേഷത്തെ ഇത്രയും ലാഘവമായി കണ്ടതുതന്നെ ഗുജറാത്തിലെ പൊതുജനാരോഗ്യസംവിധാനങ്ങളുടെ അപര്യാപ്തതയെ സൂചിപ്പിക്കുന്നു. നിലവില്‍ 1000 പേര്‍ക്ക് 0.33 എന്ന നിലയിലാണ് ഗുജറാത്തിലെ ആശുപത്രിക്കിടക്കകളുടെ അനുപാതം. 1000 പേര്‍ക്ക് 0.55 കിടക്കകളാണ് ദേശീയ ശരാശരി. മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനുമുന്‍പ് 1000 പേര്‍ക്ക് 0.70 കിടക്കകള്‍ ഉണ്ടായിരുന്നിടത്താണ് ഈ കുറവ് സംഭവിച്ചിരിക്കുന്നതെന്നും ശ്രദ്ദേയമാണ്.

നീണ്ട 13വര്‍ഷക്കാലം ഗുജറാത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് നരേന്ദ്രമോദി. എന്നാല്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഗുജറാത്തിന്റെ ആരോഗ്യരംഗത്ത് യാതൊരു പുരോഗതിയുമുണ്ടാക്കാന്‍ മോദിക്കായിട്ടില്ലെന്നതാണ് വസ്തുതകള്‍ തെളിയിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമാക്കി മാത്രമാണ് ഗുജറാത്ത് മോഡല്‍ വികസനത്തെ വ്യാപകമായി പ്രചരിപ്പിച്ചതെന്നതാണ് വസ്തുത.