ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ; ഡിസംബര്‍ ഒന്നിനും അഞ്ചിനും വോട്ടെടുപ്പ്.

Jaihind Webdesk
Thursday, November 3, 2022

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്തും. ഡിസംബര്‍ ഒന്നിന് ഒന്നാം ഘട്ട വോട്ടെടുപ്പും അഞ്ചിന് രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. അന്നു തന്നെയാണ് ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണല്‍. ഡല്‍ഹിയില്‍ ഉച്ചയ്ക്ക് 12 മണിയോടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചത്.
ആകെ 182 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 92 സീറ്റുകള്‍. 2017ലെ വാശിയേറിയ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 99 സീറ്റുകളും കോണ്‍ഗ്രസിന് 77 സീറ്റുകളുമാണ് ലഭിച്ചത്. മറ്റുപാര്‍ട്ടികള്‍ക്ക് ആറു സീറ്റുകളും ലഭിച്ചു.

27 വര്‍ഷമായി ബിജെപിയാണ് ഇവിടെ അധികാരത്തിലെങ്കിലും, 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത കോണ്‍ഗ്രസും ഇത്തവണ വിജയ പ്രതീക്ഷയിലാണ്.  തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു സംഭവിച്ച മോര്‍ബി തൂക്കുപാല ദുരന്തം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. അഴിമതിയും കെടുകാര്യസ്ഥതയുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന ആരോപണവുമായി പ്രതിപക്ഷവും സജീവമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതൃസംസ്ഥാനമായ ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് 135 പേര്‍ മരിച്ചത് വന്‍ രാഷ്ട്രീയ വിവാദമായിരിക്കെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.