ന്യൂഡല്‍ഹി : ഗുജറാത്തിലെ പ്രമുഖ ദിനപത്രമായ ‘ഗുജറാത്ത് സമാചാര്‍’ ഉടമകളിലൊരാളായ ബാഹുബലി ഷായുടെ അറസ്റ്റില്‍ കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവും ജനാധിപത്യത്തെ അടിച്ചമര്‍ത്താനുള്ള ഗൂഢാലോചനയുമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
‘ഗുജറാത്ത് സമാചാറിനെ നിശബ്ദമാക്കാനുള്ള ശ്രമം ഒരു പത്രത്തിന്റെ മാത്രമല്ല, മുഴുവന്‍ ജനാധിപത്യത്തിന്റെയും ശബ്ദം അടിച്ചമര്‍ത്താനുള്ള ഗൂഢാലോചനയാണ്. അധികാരികളോട് ചോദ്യങ്ങള്‍ ചോദിക്കുന്ന പത്രങ്ങളെ പൂട്ടിയാല്‍ ജനാധിപത്യം അപകടത്തിലാണെന്ന് മനസ്സിലാക്കണം,’ രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. ‘ബാഹുബലി ഷായുടെ അറസ്റ്റ്, മോദി സര്‍ക്കാരിന്റെ ഭയത്തിന്റെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാഹുബലി ഷായെ ഇ.ഡി. അറസ്റ്റ് ചെയ്തത് സ്വതന്ത്ര മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി ഭരണകൂടത്തിന്റെ വരുതിയിലാക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണെന്ന് എഐസിസി സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു. മോദി നയിക്കുന്ന ബിജെപി ഭരണകൂടത്തെ ഗുജറാത്ത് സമാചാര്‍ നിര്‍ഭയമായി വിമര്‍ശിക്കുന്നു. ഉടമയായ ബാഹുബലി ഷായുടെ ഇഡി അറസ്റ്റ്, സ്വതന്ത്ര മാധ്യമങ്ങളെ ഭരണകൂടത്തിന്റെ വരിയില്‍ വളയ്ക്കാനും വഴങ്ങാനും പ്രേരിപ്പിക്കുന്ന ബിജെപിയുടെ മാര്‍ഗമാണെന്ന് വേണുഗോപാല്‍ കുറ്റപ്പെടുത്തി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗും പ്രതിഷേധം രേഖപ്പെടുത്തി. ‘വര്‍ഷങ്ങളായി ‘ഗുജറാത്ത് സമാചാര്‍’ കാണിക്കുന്ന ധൈര്യത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. നിഷ്പക്ഷമായ റിപ്പോര്‍ട്ടിംഗ് നടത്താനും നിലകൊള്ളാനും ധൈര്യമുള്ള ചിലരെങ്കിലും മാധ്യമങ്ങളില്‍ അവശേഷിക്കുന്നുണ്ട്,’ അദ്ദേഹം എക്സില്‍ കുറിച്ചു. ‘ഇത് ഉടമകളെ ഉപദ്രവിക്കാനുള്ള വേട്ടയാടല്‍ മാത്രമാണെന്ന് എനിക്ക് ഉറപ്പുണ്ട്, ഒടുവില്‍ അവര്‍ നിരപരാധികളായി പുറത്തുവരും. ഞങ്ങള്‍ എല്ലാവരും അവര്‍ക്കൊപ്പം നില്‍ക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശക്തിസിന്‍ഹ് ഗോഹിലും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ‘മോദി സര്‍ക്കാരില്‍ സത്യം പറയുന്നതിനും എഴുതുന്നതിനും കടുത്ത ശിക്ഷയാണ് നല്‍കുന്നത് – ഏറ്റവും പുതിയ ഉദാഹരണം ഗുജറാത്തില്‍ നിന്നാണ്,’ അദ്ദേഹം പറഞ്ഞു. ഗുജറാത്ത് സമാചാറിലും ജി.എസ്.ടി.വിയിലും ഇ.ഡി റെയ്ഡുകള്‍ നടത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
”ഗുജറാത്ത് സമാചാര്‍’ ഡയറക്ടറായ 73 കാരനായ ബാഹുബലിഭായ് ഷായെ അറസ്റ്റ് ചെയ്തിരിക്കുന്നു. സര്‍ക്കാരിനോട് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിക്കുക എന്ന വരുടെ ഉത്തരവാദിത്തമാണ് നിറവേറ്റിയത്. എന്നാല്‍ .. ബി.ജെ.പി സര്‍ക്കാരിന് മറുപടി നല്‍കി ശീലമില്ല, അതിനാല്‍ ഇ.ഡിയെ അയച്ച് ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ അവകാശങ്ങളെ അവര്‍ ചവിട്ടിമെതിച്ചു,’ ഗോഹില്‍ ആരോപിച്ചു. ഇതിനുമുമ്പ് ‘ഗുജറാത്ത് സമാചാറി’ന്റെ എക്‌സ് ഹാന്‍ഡിലും ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തിരുന്നതായി അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ‘മോദി സര്‍ക്കാരിന്റെ ഈ സ്വേച്ഛാധിപത്യപരവും ഏകപക്ഷീയവുമായ നിലപാട് രാജ്യത്തിന് അതീവ അപകടകരമാണ്, ഇതിനെതിരെ നാമെല്ലാവരും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം,’ ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു.
ഗുജറാത്ത് സമാചാറിന്റെ ഉടമസ്ഥരായ ലോക് പ്രകാശന്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ് ബാഹുബലി ഷാ. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ ശ്രേയാന്‍സ് ഷായാണ് പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍.