അഹമ്മദാബാദ് : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത പ്രമുഖ ഗുജറാത്തി ദിനപത്രമായ ‘ഗുജറാത്ത് സമാചാര്‍’ ഉടമ ബാഹുബലി ഷായ്ക്ക് ആരോഗ്യപരമായ കാരണങ്ങളാല്‍ കോടതി ജാമ്യം അനുവദിച്ചു. ഷായുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥലങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
അറസ്റ്റിന് പിന്നാലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബാഹുബലി ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 15-ല്‍ അധികം വ്യാപാര സ്ഥാപനങ്ങളുമായി ബന്ധമുള്ള വ്യക്തിയാണ് ബാഹുബലി ഷാ. ഗുജറാത്ത് സമാചാര്‍ പത്രത്തിന്റേയും ജി.എസ്.ടി.വി ചാനലിന്റേയും പ്രസാധകരനായ ലോക് പ്രകാശന്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ ശ്രേയാന്‍സ് ഷാ ആണ് പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍. അറസ്റ്റിന്റെ കാരണങ്ങള്‍ വിശദീകരിച്ച് ഇ.ഡി ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.
ഗുജറാത്തിലെ മിക്ക വീടുകളിലും മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും സ്ഥിരം സാന്നിധ്യമായ ഗുജറാത്ത് സമാചാറിന്റെ ഉടമയുടെ അറസ്റ്റ് സാമൂഹിക മാധ്യമങ്ങളിലും രാഷ്ട്രീയ രംഗത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് മാധ്യമങ്ങളെ ഭീഷണിപ്പെടുത്താനും നിശബ്ദരാക്കാനുമുള്ള ഭരണകക്ഷിയായ ബി.ജെ.പിയുടെ ശ്രമമാണിതെന്ന് ഗുജറാത്തിലെ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ആരോപിച്ചു. രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ബാഹുബലി ഷായ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. കഴിഞ്ഞ 25 വര്‍ഷമായി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിനാലാണ് ഗുജറാത്ത് സമാചാറിനെയും അതിന്റെ ഉടമകളെയും ലക്ഷ്യമിടുന്നതെന്ന് ഗുജറാത്ത് എം.എല്‍.എയും കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റുമായ ജിഗ്‌നേഷ് മേവാനി ഇ.ഡിയെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.