ബിജെപിയ്ക്ക് കനത്ത തിരിച്ചടി നല്കി ഗുജറാത്തില്‍ വീണ്ടും പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞുപോക്ക്. ഗുജറാത്ത് ബിജെപിയിലെ വനിതാ നേതാവായ രേഷ്മ പട്ടേല്‍ ആണ് പാര്‍ട്ടി വിട്ടത്. പോര്‍ബന്ധര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും രേഷ്മ വ്യക്തമാക്കി. പട്ടീദാര്‍ വിഭാഗത്തില്‍ ഏറെ സ്വാധീനമുള്ള നേതാവായ രേഷ്മ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബി.ജെ.പിക്ക് കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.
പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം നല്കി വഞ്ചിക്കുന്ന മാര്‍ക്കറ്റിംഗ് കമ്പനിയായി ബി.ജെ.പി മാറിയെന്ന് രേഷ്മ പട്ടേല്‍ പറഞ്ഞു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ എല്ലാം തന്നെ പാവപ്പെട്ട ജനങ്ങളെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി സ്വന്തം നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും അത് തുറന്നു കാണിക്കാനാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവുന്നതെന്നും രേഷ്മ പറഞ്ഞു. പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് രേഷ്മ രാജിക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
അതേസമയം രാജസ്ഥാനിലെ മുതിര്‍ന്ന് ബി.ജെ.പി നേതാവ് വെറ്ററന്‍ ദേവി സിംഗ് ഭാട്ടിയയും പാര്‍ട്ടി വിട്ടു. തന്റെ രാജി ബി.ജെ.പി കേന്ദ്രനേതൃത്വത്തിനു അയച്ചതായി ദേവി സിംഗ് പറഞ്ഞു.