ഗുജറാത്തിൽ കൊവിഡ് രോഗികളുടെ എണ്ണം പ്രസിദ്ധപ്പെടുത്തുന്നത് അവസാനിപ്പിച്ചു; കണക്കുകൾ മറച്ചു വെച്ച് സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Sunday, May 31, 2020

 

ഗുജറാത്തിൽ കൊവിഡ് രോഗികളുടെ എണ്ണം പ്രസിദ്ധപ്പെടുത്തുന്നത് അവസാനിപ്പിച്ചു. രോഗം ഭേദമായവരുടെ കണക്കുകളായിരിക്കും  ഇനി സംസ്ഥാനം പുറത്ത് വിടുക. ഏറ്റവും അധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. അതേസമയം കണക്കുകൾ മറച്ചു വെച്ച് സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ദിവസേന 400 ലേറെപ്പേര്‍ക്കാണ്  ഗുജറാത്തിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതുവരെ  1007  മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു. ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണ് ഗുജറാത്തിലെ മരണ നിരക്ക്. കൊവിഡ് മരണങ്ങളുടെ കാര്യത്തിൽ കഴിഞ്ഞ ദിവസം ഗുജറാത്ത് ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് രോഗികളുടെ എണ്ണം പ്രസിദ്ധപ്പെടുത്തേണ്ടന്ന തീരുമാനം സർക്കാർ എടുത്ത്. ആകെ  കൊവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം സർക്കാർ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഇനി മുതൽ രോഗ മുക്തി നേടിയവരുടെ കണക്കുകളും ഒപ്പം ചികിൽസയിൽ ഉള്ളവരുടെ എണ്ണവും ആയിരിക്കും സർക്കാർ പ്രസിദ്ധപ്പെടുത്തുക.

ആകെ രോഗികളുടെ 54 ശതമാനം പേരും ആശുപത്രി വിട്ടു എന്നാണ് സർക്കാർ വാദം. എന്നാൽ ചികിത്സയിൽ ഉള്ളവർക്ക് രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽ ഡിസ്ചാർജ് ചെയുകയാണ് സർക്കാർ ചെയുന്നത് എന്നാണ് വിമർശനം ഉയരുന്നത്. രോഗികളുടെ ബന്ധുക്കളെ പോലും പരിശോധനകൾക്ക് വിധേയമാക്കുന്നില്ല എന്നും വിമർശനം ഉണ്ട്. വിഷയത്തിൽ ഹൈക്കോടതിയിൽ ഹർജി എത്തിയിട്ടുണ്ട്. സർക്കാർ കണക്കുകൾ മറച്ചു വെച്ച് ജനങ്ങളെ വെല്ലുവിളിക്കുകയാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.