ഗുജറാത്ത് തെരഞ്ഞെടുപ്പ്; താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

Jaihind Webdesk
Tuesday, November 15, 2022

അഹമ്മദാബാദ്: അടുത്ത മാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ താരപ്രചാരകരുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, രമേശ് ചെന്നിത്തല തുടങ്ങിയവരെ ഉള്‍പ്പെടുത്തി കൊണ്ടാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നിവരും രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ  ആദ്യ ഘട്ടത്തില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണ ചുമതല ഏല്‍പ്പിച്ച  നേതാക്കളില്‍ ഉള്‍പ്പെടുന്നു. ഇതു കൂടാതെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ കടുത്ത വിമര്‍ശനങ്ങളിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന ജിഗ്‌നേഷ് മേവാനിയും കനയ്യ കുമാറും പ്രചാരകരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

182 സീറ്റുകളിലേക്കാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഡിസംബര്‍ 1, 5 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തില്‍ 89 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തില്‍ 93 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 8 ന് ഫലം പ്രഖ്യാപിക്കും.  തിരഞ്ഞെടുപ്പിനുള്ള 182 സ്ഥാനാര്‍ത്ഥികളില്‍ 104 പേരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രഖ്യാപിച്ചു.