‘ശരീരം കഷണങ്ങളാക്കി മുറിച്ചാലും ബി.ജെ.പിയില്‍ ചേരില്ല’ : ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍

Jaihind Webdesk
Thursday, May 30, 2019

അഹമ്മദാബാദ്: തന്‍റെ ശരീരം കഷണങ്ങളായി മുറിച്ചുമാറ്റിയാലും ബി.ജെ.പിയില്‍ ചേരില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എ വിക്രം മാദം. ഗുജറാത്തിലെ 10 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് എം.എല്‍.എ രംഗത്തെത്തിയത്. ഗുജറാത്തിലെ ജംഖംഭലിയയില്‍ നിന്നുള്ള എം.എല്‍.എയാണ് വിക്രം മാദം.

‘എന്‍റെ ശരീരം 36 കഷണങ്ങളായി മുറിച്ചുമാറ്റിയാലും ഞാന്‍ ബി.ജെ.പിയില്‍ ചേരില്ല’ – വിക്രം മാദം പറഞ്ഞു. മറ്റൊരു കോണ്‍ഗ്രസ് എം.എല്‍.എ ശിവഭായി ഭുരിയയും ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തി. തനിക്കെതിരെ നടക്കുന്നത് കുപ്രചരണമാണെന്നും താന്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും ഭുരിയ വ്യക്തമാക്കി.

മുന്‍ ജാംനഗർ എം.പിയും വാര്‍ത്തയ്ക്കെതിരെ രംഗത്തെത്തി. താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് ഭ്രാന്താണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. തന്നെ വില്‍പനയ്ക്ക് വെച്ചിരിക്കുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രതിപക്ഷത്തുനിന്ന് നിരവധി പേര്‍ ബി.ജെ.പിയിലേക്ക് എത്തുമെന്നായിരുന്നു ബി.ജെ.പി വാദം. എന്നാല്‍ ബി.ജെ.പിയുടെ വാദം തള്ളി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഇത് ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണെന്നും തങ്ങളുടെ എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്നും നേതാക്കളും വ്യക്തമാക്കി.  182 അംഗ നിയമസഭയിലെ മൂന്ന് എം.എല്‍മാരെ അയോഗ്യരാക്കിയതിനെ തുടര്‍ന്ന് 179 അംഗങ്ങളാണ് നിലവിലുള്ളത്. ബി.ജെ.പിക്ക് 103 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് 71 എം.എല്‍.എമാരും. ബി.ടി.പി -2, എന്‍.സി.പി – 1 സ്വതന്ത്രര്‍ – 2 എന്നിങ്ങനെയാണ് ബാക്കിയുള്ള കക്ഷിനില.