ഗുജറാത്തിലും ബി.ജെ.പി ആടിയുലയുന്നു; 13 സീറ്റുകളില്‍ മുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസ്; സീറ്റ് നഷ്ടമാകല്‍ തടയാനുള്ള ബി.ജെ.പിയുടെ നീക്കം പാളുന്നു

അഹമ്മദാബാദ്: ഗുജറാത്ത് സംസ്ഥാനം ബി.ജെ.പിയുടെ കോട്ടയെന്നതാണ് കഴിഞ്ഞ 2014 ലെ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചത്. താമരയ്ക്ക് വോട്ട് ചെയ്യുക എന്നത് ഒരു ശീലമായിരുന്ന ജനവിഭാഗമായിരുന്നു ഗുജറാത്തിലേത്. എന്നാല്‍ കാര്യങ്ങള്‍ ഇനിമുതല്‍ ബി.ജെ.പി അത്ര എളുപ്പമാകില്ലെന്ന സര്‍വ്വേ ഫലങ്ങളാണ് ഗുജറാത്തില്‍ നിന്ന് പുറത്തുവരുന്നത്. ഗ്രാമങ്ങളില്‍ കോണ്‍ഗ്രസ് ശക്തിപ്പെടുകയാണ്. നഗരങ്ങളിലെ വ്യാപാരി സമൂഹത്തില്‍ ഇപ്പോഴും ബി.ജെ.പിയുടെ സ്വാധീനമുണ്ടെന്ന് കരുതുന്നുണ്ടെങ്കിലും പട്ടേല്‍ വിഭാഗക്കാരുടെ നിലപാട് തെരഞ്ഞെടുപ്പിന് ശേഷമേ പ്രകടമാകുകയുള്ളൂ. എന്നാല്‍ ഗ്രാമങ്ങള്‍ ബിജെപിയെ കൈവിട്ടിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇക്കാര്യത്തില്‍ സാക്ഷിയാണ്. ഇത്തവണ പ്രതീക്ഷ ഏറെയാണ് കോണ്‍ഗ്രസിന്. കാരണം കൂടുതല്‍ മണ്ഡലങ്ങള്‍ ഗ്രാമീണ മേഖലയിലാണ്. സീറ്റ് കുറയുമെന്ന് ബിജെപി നേതാക്കള്‍ രഹസ്യമായി സമ്മതിക്കുകയും ചെയ്യുന്നു.

ഗുജറാത്തില്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് ക്യാമ്പില്‍. പ്രചാരണം പൂര്‍ത്തിയാക്കി നാളെ പോളിങ് ബൂത്തിലേക്ക് പോകുന്ന ഗുജറാത്ത് സംസ്ഥാനത്തിന് നിന്ന് ഇത്തവണ സീറ്റുകള്‍ ലഭിക്കുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.

ഗുജറാത്തില്‍ മൊത്തം 26 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 15 മണ്ഡലങ്ങള്‍ ഗ്രാമീണ മേഖലയിലാണ്. ഗ്രമീണ മേഖലയില്‍ ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണ്. ഇത് കോണ്‍ഗ്രസിന് അനുകൂലമാകും. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് വിപരീതമായി 2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തുകയായിരുന്നു.

ജുനാഗദ് ലോക്സഭാ മണ്ഡലം കോണ്‍ഗ്രസിന് വന്‍ പ്രതീക്ഷയാണുള്ളത്. ഈ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് ജയിച്ചത്. അതുകൊണ്ടുതന്നെ ഈ മണ്ഡലം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു. അംറേലിയാണ് കോണ്‍ഗ്രസിന് പ്രതീക്ഷയുള്ള മറ്റൊരു മണ്ഡലം. ഇവിടെയുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ജയിച്ചത് കോണ്‍ഗ്രസാണ്. രണ്ടിടത്ത് ബിജെപിയും. അംറേലി മണ്ഡലത്തില്‍ ബിജെപിക്ക് പ്രതീക്ഷ നഷ്ടമായിട്ടുണ്ട്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മല്‍സരിക്കുന്ന ഗാന്ധി നഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുന്നേറുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഗാന്ധി നഗര്‍ നോര്‍ത്ത്, കലോള്‍ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ജയിച്ചത് കോണ്‍ഗ്രസാണ്. ബാക്കി അഞ്ചിടത്തും ബിജെപിയും. ഇത്തവണ കൂടുതല്‍ പ്രദേശങ്ങളില്‍ മുന്നേറുമെന്ന് കോണ്‍ഗ്രസ് പറയുന്നു. ഗുജറാത്തിന്റെ വികാരത്തോടൊപ്പമുള്ള പ്രചാരണങ്ങലും രാഷ്ട്രീയ നീക്കങ്ങളുമാണ് ഇത്തവണ കോണ്‍ഗ്രസ് നടത്തിയത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍, തൊഴിലില്ലായ്മ, അഴിമതി എന്നിവയായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണ വിഷയങ്ങള്‍. കാര്യമായും ശ്രദ്ധിച്ചത് ഗ്രാമീണ മണ്ഡലങ്ങളിലാണ് എന്നതും എടുത്തുപറയണം.

കോണ്‍ഗ്രസ് പ്രഖ്യാപിച്ച ന്യായ് പദ്ധതി ഗുജറാത്തില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. ഗ്രാമീണ മേഖലയില്‍ പഞ്ചാബ് മന്ത്രിയും പഴയ ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിദ്ധുവിനെയും കോണ്‍ഗ്രസ് ഇറക്കി. ഇതും പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. പട്ടേല്‍ വിഭാഗം ബിജെപിയുടെ വോട്ട് ബാങ്കായിരുന്നു. എന്നാല്‍ ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ അവരുടെ വോട്ട് ഭിന്നിച്ചു. 13 ലോക്സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍ പറയുന്നു.

കര്‍ഷകരെയും യുവാക്കളെയുമാണ് കോണ്‍ഗ്രസ് ഇത്തവണ കേന്ദ്രീകരിച്ചതെന്ന് ഹാര്‍ദിക് പറഞ്ഞു. ബിജെപിക്കൊപ്പം പല മണ്ഡലങ്ങളിലും ഇത്തവണ കോണ്‍ഗ്രസ് എത്തും. 13 സീറ്റ് പിടിക്കും. മധ്യവര്‍ഗവും വ്യാപാരികളും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ബിജെപി കരുതുന്നു. വ്യാപാരികള്‍ സര്‍ക്കാരിന്റെ നിലപാടില്‍ അസന്തിഷ്ടരാണെങ്കിലും വോട്ട് കോണ്‍ഗ്രസിന് ചെയ്യില്ലെന്നാണ് നേതാക്കള്‍ കരുതുന്നത്. നഗര മണ്ഡലങ്ങളില്‍ ബിജെപി ജയിക്കുമെന്നാണ് പാര്‍ട്ടി നടത്തിയ സര്‍വ്വെയില്‍ കണ്ടെത്തിയത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇത്തവണ ശക്തമായ മത്സരമാണ് എന്നതാണ് ഗുജറാത്തിലെ പൊതുചിത്രം. ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനും നഗരങ്ങള്‍ ബിജെപിക്കുമൊപ്പമായാല്‍ പോലും കോണ്‍ഗ്രസിന് നേട്ടമാണ്. കാരണം കോണ്‍ഗ്രസ് മല്‍സരിക്കുന്നത് സീറോ പോയന്റില്‍ നിന്നാണ്. കോണ്‍ഗ്രസിന്റെ മുന്നേറ്റം ദേശീയ സര്‍ക്കാര്‍ രൂപീകരിക്കുക എന്ന ബിജെപിയുടെ മോഹത്തിന് തിരിച്ചടിയുമാകും.

rahul gandhinational politicscongressAICCGujarat
Comments (0)
Add Comment