Gujarat ministers resign | ഗുജറാത്ത് മന്ത്രിസഭാ പുനഃസംഘടന: ബിജെപിയുടെ ഭരണപരാജയത്തെ മറയ്ക്കാനുള്ള വിഫലതന്ത്രം

Jaihind News Bureau
Thursday, October 16, 2025

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെയുള്ള മുഴുവന്‍ മന്ത്രിമാരും രാജി വച്ചിരിക്കുകയാണ്. ഇത് ബിജെപിയുടെ പഴയ അടവു തന്നെയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഭരണപരാജയം മറയ്ക്കാനായി മുഖ്യമന്ത്രിയെ ഉള്‍പ്പെടെ നീക്കുകയും പുതിയ ആളിനെ അവരോധിക്കുകയും ചെയ്യുന്നു. ഇതിനു വഴിയൊരുക്കിയ ഗുജറാത്ത് മന്ത്രിസഭാ പുനഃസംഘടന, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ട് ബിജെപി നടത്തുന്ന വെറും ഒരു ‘കൈ കഴുകല്‍’ (Face-saving) നടപടി മാത്രമാണ്. ഇത് ഭരണത്തിലെ കെടുകാര്യസ്ഥതയും ജനങ്ങള്‍ക്കിടയിലെ അതൃപ്തിയും മറച്ചുവെക്കാനുള്ള പരിഹാസ്യമായ നീക്കമാണ്.

ഗുജറാത്തിലെ മുഴുവന്‍ മന്ത്രിസഭാംഗങ്ങളേയും രാജിവെപ്പിച്ചത്, നിലവിലെ സര്‍ക്കാരിന്റെ മോശം പ്രകടനം ബിജെപി നേതൃത്വം തന്നെ സമ്മതിക്കുന്നതിന് തുല്യമാണ്. ഭരണകൂടം പരാജയപ്പെട്ടുവെന്നും മന്ത്രിമാര്‍ തങ്ങളുടെ വകുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെന്നും ഇതിലൂടെ വ്യക്തമാകുന്നു. മാറ്റപ്പെടുന്ന മന്ത്രിമാര്‍ ജനകീയ അടിത്തറ ഇല്ലാത്തവരോ അല്ലെങ്കില്‍ ഭരണത്തില്‍ കഴിവ് തെളിയിക്കാത്തവരോ ആയിരുന്നു എന്ന് ഭരണകക്ഷി തന്നെ സമ്മതിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ മാറ്റം വരേണ്ടത് ഭരണരീതിയിലും നയങ്ങളിലുമാണ്, വെറും മുഖങ്ങള്‍ മാറ്റുന്നത് കൊണ്ട് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല എന്ന് ബിജെപി അറിയണം.

തദ്ദേശ തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും ജാതി സന്തുലനം, പ്രാദേശിക പ്രാതിനിധ്യം തുടങ്ങിയ ആനൂകൂല്യം ലക്ഷ്യമിട്ടു കൂടിയാണ് ബിജെപി ഈ നീക്കം നടത്തിയത്. ഇത് ജനസേവനത്തേക്കാള്‍ തിരഞ്ഞെടുപ്പ് താല്‍പ്പര്യങ്ങള്‍ക്കാണ് ബിജെപി പ്രാധാന്യം നല്‍കുന്നത് എന്ന് തെളിയിക്കുന്നു. സൗരാഷ്ട്ര മേഖലയില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) ഉയര്‍ത്തുന്ന വെല്ലുവിളി, പ്രത്യേകിച്ച് യുവ പാട്ടീദാര്‍ നേതാവ് ഗോപാല്‍ ഇറ്റാലിയയുടെ സ്വാധീനം, ബിജെപിയെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. അതു പോലെ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയിലെത്തിയ അല്‍പേഷ് താക്കൂര്‍, ജയേഷ് രാദഡിയ തുടങ്ങിയവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനുള്ള സാധ്യത കൂടി തുറക്കുകയാണ്. ബിജെപിക്ക് സ്വന്തം കേഡറില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണ്.

‘പഴയ കളിക്കാര്‍ക്ക്’ (ഛഹറശോലൃ)െ പകരം ഇത്തരത്തില്‍ എത്തിയവര്‍ക്ക് പ്രാമുഖ്യം നല്‍കുന്നത് ബിജെപിയിലെ ദീര്‍ഘകാല പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തിയും ആഭ്യന്തര പ്രശ്‌നങ്ങളും ഉണ്ടാക്കുമെന്നും ഇത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും വിലയിരുത്തുന്നു. ഗുജറാത്തിലെ മന്ത്രിസഭാ പുനഃസംഘടന ബിജെപിയുടെ ആത്മവിശ്വാസമില്ലായ്മയുടെ ലക്ഷണമാണ്. ജനങ്ങള്‍ക്കിടയിലെ അതൃപ്തിയും എഎപി ഉയര്‍ത്തുന്ന വെല്ലുവിളികളും ഭയന്ന്, പഴയ പരാജയപ്പെട്ട ടീമിനെ പുതിയ മുഖങ്ങള്‍ വെച്ച് മറയ്ക്കാന്‍ ബിജെപി ശ്രമിക്കുന്നു. എങ്കിലും, ഈ നീക്കം ബിജെപിയിലെ ആഭ്യന്തര കലഹങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കാനും കോണ്‍ഗ്രസിന് ജനകീയ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അവസരം നല്‍കും.