ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

Jaihind Webdesk
Thursday, December 1, 2022

ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 89 മണ്ഡലങ്ങളിലേക്ക് 788 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. സൗരാഷ്ട്ര, കച്ച് മേഖലകളും തെക്കൻ ഗുജറാത്തും ആണ് ആദ്യഘട്ടത്തിൽ പോളിംഗ് ബൂത്തിൽ എത്തുന്നത്. 14,382 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വൈകിട്ട് 5 മണി വരെയാണ് വോട്ടെടുപ്പ്.

കോൺഗ്രസിനായി മുൻ പ്രതിപക്ഷ നേതാക്കളായ അർജുൻ മോദ്‌വാദിയ, പരേഷ് ധാനാനി എന്നിവർ ഇന്ന് ജനവിധി തേടും. ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഗ്‌വി, ക്രിക്കറ്റർ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ തുടങ്ങി ബിജെപി സ്ഥാനാർത്ഥികളും ആദ്യഘട്ടത്തിനായി പ്രചാരണം പൂർത്തിയാക്കി. ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇസുദാൻ ഗഡ്‌വിയും പാർട്ടി സംസ്ഥാന അധ്യക്ഷനും അടക്കമുള്ളവരും ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. തൂക്കുപാലം ദുരന്തമുണ്ടായ മോർബിയും പോളിംഗ് ബൂത്തിലെത്തും. ഡിസംബർ അഞ്ചിനാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. എട്ടിനാണ് വോട്ടെണ്ണല്‍.