ഗുജറാത്ത് തെരഞ്ഞെടുപ്പ്: ആദ്യ ഘട്ട വോട്ടെടുപ്പ് പൂർത്തിയായി; രണ്ടാം ഘട്ടം ഡിസംബർ 5 ന്

Jaihind Webdesk
Thursday, December 1, 2022

ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 182 അംഗ നിയമസഭയിലെ 89 മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. അനൌദ്യോഗിക വിവരം അനുസരിച്ച് 56.88 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. സൗരാഷ്ട്ര, കച്ച് മേഖലകളും തെക്കൻ ഗുജറാത്തുമാണ് ആദ്യഘട്ടത്തിൽ പോളിംഗ് ബൂത്തിലെത്തിയത്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ 39 രാഷ്ട്രിയകക്ഷികളുടെയും സ്വതന്ത്രരുമടക്കം 788 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.

പ്രമുഖ കോൺഗ്രസ് നേതാക്കളായ അർജുൻമോദ് വാദിയ, പരേഷ് ധനാനി , ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇ സുദാൻ ഗഡ്‌വി, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റി വാബ ജഡേജ എന്നിവർ ആദ്യഘട്ടത്തിൽ ജനവിധി തേടി. 140 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം ദുരന്തമുണ്ടായ മോർബിയിലും ഇന്നായിരുന്നു വോട്ടെടുപ്പ്.

പ്രതിപക്ഷമായ കോൺഗ്രസിന് ഏറെ പ്രതീക്ഷയുള്ള സൗരാഷ്ട്ര – കച്ച് മേഖലയാണ് ആദ്യഘട്ടത്തിൽ പോളിംഗ് ബൂത്തിലെത്തിയത്. അതേ സമയം ബിജെപി വലിയ വെല്ലുവിളിയാണ് ഗുജുറാത്തിൽ നേരിടുന്നത്. ഭരണവിരുദ്ധ വികാരവും വിമതശല്യവും ബിജെപിക്ക് വെല്ലുവിളിയാകുമ്പോൾ തന്നെ തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങൾക്കിടയിൽ വലിയ ചർച്ചാ വിഷയമായതും ഭരണകക്ഷിയായ ബിജെപിയെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്.

ആദ്യഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ വിജയപ്രതീക്ഷയിലാണ് മുന്നണികൾ. 182 ൽ 125 സീറ്റുകളിൽ വിജയിച്ച് കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് പിസിസി അധ്യക്ഷൻ ജഗദീഷ് ഠാക്കൂർ പറഞ്ഞു. സ്ക്രീനിംഗ് കമ്മിറ്റി ചെയർമാനും താര പ്രചാരകനുമായ രമേശ് ചെന്നിത്തലയും ശുഭാപ്തി വിശ്വാസത്തിലാണ്. അതേ സമയം സൌരാഷ്ട്രയിലെ 50 ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പ്രവർത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ 5 ന് നടക്കും. എട്ടിനാണ് വോട്ടെണ്ണൽ.