ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ നാളെ അറിയാം. രാവിലെ 8 മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ഡിസംബർ 1, 5 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ പോളിംഗ് നടന്നത്. 66.31 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 71.28 ശതമാനമായിരുന്നു ഗുജറാത്തിലെ പോളിഗ് നിരക്ക്.
ഹിമാചൽ പ്രദേശിൽ നവംബർ 12 ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളായിരിക്കും എണ്ണുക. 8.30ന് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഉച്ചയോടെ തന്നെ ഫലസൂചനകള്‍ വ്യക്തമാകും. ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ഉപതെരഞ്ഞെടുപ്പുകൾ എന്നിവയ്ക്കായി ഓരോ നിയമസഭാ സീറ്റിലും ഒരു നിരീക്ഷകനെ നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണൽ പ്രക്രിയ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹിമാചൽ പ്രദേശിലും ഗുജറാത്തിലും രണ്ട് പ്രത്യേക നിരീക്ഷകർ വീതമുണ്ടാവുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസ് ശക്തമായ മത്സരം കാഴ്ചവെച്ചെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. എൽഎമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നത് തടയാൻ ഹിമാചലിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ അടക്കമുള്ള മുതിർന്ന നേതാക്കളെ നേരത്തെതന്നെ നിരീക്ഷകരായി നിയോഗിച്ചു കഴിഞ്ഞു. ഗുജറാത്തിലും ബിജെപിയുടെ നീക്കങ്ങൾ തടയാൻ പാർട്ടി പ്രത്യേകം നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്.