പെഗാസസ് : എസ്.ഐ.ടി അന്വേഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീം കോടതിയില്‍

Tuesday, August 3, 2021

ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചു. വിഷയം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) രൂപവത്കരിക്കണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് കോടതിയോട് ആവശ്യപ്പെട്ടു.

പെഗാസസ് സോഫ്റ്റ് വെയര്‍ കരാറിനെ കുറിച്ചുള്ള വിശദാംശങ്ങളും, ആരെയൊക്കെയാണ് ലക്ഷ്യമിട്ടിരുന്നത് തുടങ്ങിയ വിവരങ്ങളും സര്‍ക്കാരിനോട് തേടണമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെടുന്നുണ്ട്. എഡിറ്റേഴ്സ് ഗില്‍ഡിന്റെ റിട്ട് ഹർജി കോടതി വ്യാഴാഴ്ച പരിഗണിക്കും.

സര്‍ക്കാര്‍ തങ്ങളുടെ അധികാര പരിധി ലംഘിക്കുന്നുണ്ടോ എന്നും ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്ക് സംരക്ഷിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും അറിയാന്‍ രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശമുണ്ടെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹർജിയിൽ പറയുന്നു.

സര്‍ക്കാര്‍ ഏജന്‍സികളുടെ ഇത്തരത്തിലുള്ള അനധികൃത നിരീക്ഷണങ്ങള്‍ ജനങ്ങള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും എഡിറ്റേഴ്സ് ഗില്‍ഡ് ഹർജിയിൽ ആരോപിക്കുന്നു.