ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവം: സുമയ്യയെ വിദഗ്ധ പരിശോധനക്കായി ഇന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കും

Jaihind News Bureau
Thursday, October 9, 2025

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുട്ടുങ്ങിയ സുമയ്യയെ വിദഗ്ധ പരിശോധനയ്ക്കായി ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കും. സുമയ്യയുടെ തുടര്‍ ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനാണ് പരിശോധന.

കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യയുടെ നെഞ്ചില്‍ നിന്ന് വയര്‍ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതം എന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. ധമനികളോട് ഒട്ടിച്ചേര്‍ന്നതിനാല്‍ ഗൈഡ് വയര്‍ മാറ്റാന്‍ ശ്രമിക്കുന്നത് സങ്കീര്‍ണമാകും എന്നാണ് നിഗമനം. വയര്‍ കുടുങ്ങി കിടക്കുന്നത് കൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു.

എന്നാല്‍ ശ്വാസംമുട്ടല്‍ അടക്കം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് സുമയ്യ മെഡിക്കല്‍ ബോര്‍ഡിനെ അറിയിച്ചിട്ടുള്ളത്. ഡോക്ടറുടെ ഭാഗത്ത് ഗുരുതരമായ ചികിത്സാപിഴവ് ഉണ്ടായി എന്ന് ആരോഗ്യമന്ത്രി തന്നെ സമ്മതിച്ചിട്ടും ഡോക്ടര്‍ക്കെതിരെ ഇനിയും നടപടി എടുക്കാത്തത് പ്രതിഷേധം ഉയര്‍ത്തുകയാണ്.