അതിഥി തൊഴിലാളികള്‍ അതിജീവനത്തിനുള്ള പോരാട്ടത്തില്‍; ബഹിരാകാശ മേഖലയെ സ്വകാര്യവത്ക്കരിക്കുന്നത് ആലോചിച്ച് കേന്ദ്രം: വിചിത്രമെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Sunday, May 17, 2020

Jairam-Ramesh

 

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ ജീവിത പ്രശ്നം കാണാതെ വ്യോമയാന മേഖലയെയും ബഹിരാകാശ മേഖലയെയും സ്വകാര്യവത്ക്കരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങളുമായി മുന്നോട്ടുപോകുന്ന കേന്ദ്രത്തിന്‍റെ നടപടിയെ പരിഹസിച്ച് കോണ്‍ഗ്രസ്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ പ്രഖ്യാപനം വിചിത്രമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് ട്വീറ്റ് ചെയ്തു.

രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളില്‍ ഇടപെടാതെ കേന്ദ്ര സർക്കാര്‍ കാട്ടുന്ന അലംഭാവത്തിനെതിരെ രൂക്ഷ വിമർശനമാണ് ജയ്റാം രമേശ് നടത്തിയത്. ഒരു കമ്പനിക്ക് മാത്രമാണ് ധനമന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനത്തില്‍ നേട്ടം, ഇതാണ് ആത്മ നിര്‍ഭര്‍ ഭാരത് എന്ന് ജയ്റാം രമേശ് പരിഹസിച്ചു. രാജ്യത്തെ വ്യാവസായിക മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ ഒരു പ്രഖ്യാപനം പോലും ധനമന്ത്രിയുടെ നാലാം ഘട്ട പ്രഖ്യാപനത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിഥി തൊഴിലാളികള്‍ ഇനിയും സുരക്ഷിതരായി വീട്ടിലെത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരു ആശങ്കയുമില്ല. ധനമന്ത്രി ബഹിരാകാശം സ്വകാര്യ മേഖലയ്ക്ക് കൊടുക്കുന്നതിനെ ചൊല്ലിയൊക്കെയാണ് ഇപ്പോഴും പറയുന്നത്. ഇത് അതി വിചിത്രമാണെന്നും ജയ്‌റാം രമേഷ് പറഞ്ഞു. നാളെ നടത്തുന്ന അവസാന ഘട്ട പ്രഖ്യാപനത്തിലെങ്കിലും  പ്രതീക്ഷാവഹമായി എന്തെങ്കിലും കാണുമോയെന്നും ജയ്റാം രമേശ് ചോദിക്കുന്നു. കൊവിഡ് 19 ഉണ്ടാക്കിയ സാമ്പത്തിക, സാമൂഹിക പ്രതിസന്ധി നേരിടാൻ അടുത്ത 6 മാസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക് എത്ര ഫണ്ട് നൽകുമെന്ന് ധനമന്ത്രി പറയുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനങ്ങൾക്ക് അവരുടെ ന്യായമായ കുടിശിക നിഷേധിക്കപ്പെടുന്നു, ഇത് ഇന്ത്യയെ വേദനിപ്പിക്കുന്നുവെന്നും ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.