രാജ്യത്തെ നികുതി ഘടനയില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്താന്‍ ലക്ഷ്യമിട്ട് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ആരംഭിക്കും. രണ്ട് ദിവസമായി നടക്കുന്ന ഈ യോഗത്തില്‍ നിരവധി ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില കുറയ്ക്കുന്നതിനുള്ള സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും.
നിലവിലുള്ള 5%, 12%, 18%, 28% എന്നീ നാല് നികുതി സ്ലാബുകള്‍ക്ക് പകരം 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകളായി ചുരുക്കാനുള്ള മന്ത്രിതല ഉപസമിതിയുടെ ശുപാര്‍ശ യോഗം പരിഗണിക്കും. ഈ മാറ്റം നടപ്പിലാക്കിയാല്‍, നിലവില്‍ 12% നിരക്കിലുള്ള മിക്ക ഉല്‍പ്പന്നങ്ങളും 5% സ്ലാബിലേക്ക് മാറും. അതുപോലെ, 28% സ്ലാബിലെ ഉല്‍പ്പന്നങ്ങള്‍ 18% സ്ലാബിലേക്ക് മാറിയേക്കും.
ചെറിയ കാറുകള്‍, സിമന്റ്, തുകല്‍ ഉല്‍പ്പന്നങ്ങള്‍, പാക്കറ്റിലാക്കിയ ഭക്ഷണം, തുണിത്തരങ്ങള്‍ എന്നിവയുടെ ജിഎസ്ടി നിരക്കുകള്‍ കുറയാനാണ് സാധ്യത. മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ടേം ഇന്‍ഷുറന്‍സ് എന്നിവയ്ക്കുള്ള ജിഎസ്ടി പൂര്‍ണമായി എടുത്തുകളയണമെന്ന നിര്‍ദേശവും കൗണ്‍സില്‍ പരിഗണിക്കുന്നുണ്ട്. ഈ മാറ്റങ്ങള്‍ സാധാരണക്കാരുടെ നികുതി ഭാരം ഗണ്യമായി കുറയ്ക്കും.
അതേസമയം, വരുമാനം കുറയാതെ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കരുതെന്ന നിലപാടാണ് കേരളം അടക്കമുള്ള പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങള്‍ ഉയര്‍ത്തുന്നത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് മാത്രമേ ഇത്തരം പരിഷ്‌കാരങ്ങള്‍ നടത്താവൂ എന്ന് ഈ സംസ്ഥാനങ്ങള്‍ യോഗത്തില്‍ ശക്തമായി വാദിക്കുമെന്ന് സൂചനയുണ്ട്. ജിഎസ്ടി വരുമാനത്തെ ആശ്രയിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടം ഉണ്ടാകാതെ നോക്കുക എന്നത് കൗണ്‍സിലിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളിലൊന്നാണ്.