ഇന്‍റർനെറ്റിന് ഇനി അതിവേഗം; ജിസാറ്റ് 11 വിക്ഷേപണം വിജയകരം

Jaihind Webdesk
Wednesday, December 5, 2018

GSAT-11-launched

ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ വാർത്ത വിതരണ ഉപഗ്രഹം ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറൂവിൽ നിന്ന് പുലർച്ചെ മൂന്നരയോടെയാണ് ജിസാറ്റ് 11 വിക്ഷേപിച്ചത്.  ഗ്രാമീണ മേഖലയുടെ ഇന്‍റർനെറ്റ് വേഗം കൂട്ടുകയാണ് ഉപഗ്രഹത്തിന്‍റെ പ്രാഥമിക ലക്ഷ്യം.

എരിയൻ-5 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ചത്. ഭാരമേറിയ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച മികച്ച ട്രാക്ക് റെക്കോർഡാണ് ഏരിയൻ 5 റോക്കറ്റിനുള്ളത്. വലിയ പക്ഷി എന്ന ഓമനപ്പേരുള്ള ഉപഗ്രഹത്തിന് 5,845 കിലോഗ്രാം ഭാരമുണ്ട്. കെഎ, കെയു ബാൻഡുകളിൽ 12 ജിബിപിഎസ് ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് സേവനം നൽകാൻ ഉദ്ദേശിച്ചുള്ളതാണ് ഇത്.

റേഡിയോ സിഗ്നൽ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാൻസ്പോണ്ടറുകൾ ഉപഗ്രഹത്തിലുണ്ട്. ഈ ഉപഗ്രഹത്തിനും വിക്ഷേപണത്തിനുമായി 1,117 കോടി രൂപയാണ് ചെലവായത്. ഗ്രാമീണമേഖലയുടെ ഇന്‍റർനെറ്റ് വേഗം കൂട്ടുകയാണ് ജിസാറ്റ് 11ന്‍റെ ലക്ഷ്യം. ഈ ശ്രേണിയിൽപ്പെട്ട ജിസാറ്റ് -19, ജിസാറ്റ് -29 എന്നീ ഉപഗ്രഹങ്ങൾ നേരത്തെ വിക്ഷേപിച്ചിരുന്നു. 2019ൽ ജിസാറ്റ്-20 ഐഎസ്ആർഒ വിക്ഷേപിക്കും.

https://youtu.be/sO0hRy6eipk