കിഫ്ബിയെ മുന്‍നിർത്തി സി.പി.എമ്മില്‍ തമ്മിലടി ; ഐസക്കിനെ ലക്ഷ്യമിട്ട് സുധാകരന്‍

കിഫ്ബിക്ക് എതിരെ ഉള്ള മന്ത്രി ജി സുധാകരന്‍റെ രൂക്ഷ വിമർശനത്തിന് പിന്നിലെ ലക്ഷ്യം മന്ത്രി തോമസ് ഐസക്ക് എന്ന് സൂചന. ആലപ്പുഴ ജില്ലയിലെ സി.പി.എം ഗ്രൂപ്പ് പോര് ഇതോടെ പുതിയ തലത്തിലേക്കെത്തിയിരിക്കുകയാണ്. കിഫ്ബി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിവെക്കുന്നതാണ് സുധാകരന്‍റെ പരാമർശം.

പദ്ധതികള്‍ വിഴുങ്ങുന്ന സംവിധാനമായി കിഫ്ബി മാറിയെന്നാണ് മന്ത്രി തോമസ് ഐസക്കിനെ ഉന്നംവച്ച് മന്ത്രി ജി സുധാകരന്‍ തുറന്നടിച്ചത്. പദ്ധതി വിഴുങ്ങാൻ ഇരിക്കുന്ന ബകനെ പോലെയാണ് കിഫ്ബിയിലെ ഉദ്യോഗസ്ഥർ. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ എന്ത് പദ്ധതി കൊടുത്താലും കിഫ്ബിയിലെ ഉദ്യോഗസ്ഥർ തളളുന്ന സ്ഥിതിയാണുള്ളതെന്ന് സുധാകരൻ പറയുന്നു. കിഫ്ബിക്ക് എതിരെ സുധാകരൻ പൊട്ടിത്തെറിക്കുമ്പോൾ മന്ത്രി തോമസ് ഐസക്കിനെയാണ് അദ്ദേഹം ലക്ഷ്യം വെക്കുന്നത്. തോമസ് ഐസക് നേതൃത്വം കൊടുക്കുന്ന ഒരു വിഭാഗത്തിനെതിരെ ജി സുധാകരന്‍ നിലകൊള്ളുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിന്തുണ ഇതുവരെ സുധാകരനൊപ്പമായിരുന്നു. എന്നാൽ ഇപ്പോഴത്തെ വിമർശനത്തിൽ മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്. പ്രത്യേകിച്ച് കിഫ്ബിക്ക് എതിരെ സുധാകരന്‍ ആഞ്ഞടിച്ച പശ്ചാത്തലത്തിൽ.

ആലപ്പുഴയിലെ കുടിവെള്ള പ്രശ്ന വിഷയത്തിലാണ് സുധാകരന്‍റെ വിമർശനം. പക്ഷേ കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തിൽ പങ്കൊന്നുമില്ലെന്ന് മന്ത്രി തോമസ് ഐസക്കിന്‍റെ വിശദീകരണം. അരൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഉത്തരവാദി ജി സുധാകരനാണെന്ന് പറഞ്ഞ് സുധാകരന്‍ പക്ഷത്തിനെതിരെ മറുപക്ഷം കടന്നാക്രമണം ശക്തമാക്കുമ്പോഴാണ് തോമസ് ഐസക്കിനെയും ധനവകുപ്പിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തി സുധാകരന്‍റെ പ്രത്യാക്രമണം. അരൂരിലെ തോല്‍വിക്ക് കാരണം ജി സുധാകരന്‍റെ ‘പൂതന’ പരാമര്‍ശമാണെന്ന് ഒരു വിഭാഗം വ്യാപക വിമര്‍ശനമുയര്‍ത്തിയതിനെ തുടര്‍ന്നാണ് ആലപ്പുഴയില്‍ ഗ്രൂപ്പ് പോര് കനത്തത്. കുടിവെള്ളപ്രശ്നം വഷളായതോടെ ഗ്രൂപ്പ് പോര് കൂടുതല്‍ കടുത്തു.

അതേ സമയം കിഫ്ബിയിൽ സി.എ.ജി ഓഡിറ്റ് നടത്താത്തത് ഉൾപ്പെടെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ ആരോപണങ്ങൾ ശരിവെക്കുന്നതാണ് മന്ത്രി ജി സുധാകരന്‍റെ പരാമർശങ്ങൾ. എല്‍.ഡി.എഫ് മന്ത്രിസഭയിലെ ഒരു മന്ത്രി തന്നെ പരസ്യമായി പ്രതിപക്ഷം ഉയർത്തിയ ആരോപണം ഏറ്റുപിടിച്ചിരിക്കുയാണ്. കിഫ്ബിയില്‍ യാതൊരു ക്രമക്കേടുമില്ലെന്ന് മുഖ്യമന്ത്രി തന്നെ പലവട്ടം വ്യക്തമാക്കിയിരുന്നു. മന്ത്രി ജി സുധാകരന്‍റെ വിമര്‍ശനം മുഖ്യമന്ത്രിയുടെ വാക്കുകള്‍ പോലും തള്ളിക്കളയുന്നതാണ്. മുഖ്യമന്ത്രിയെ പോലും ചോദ്യം ചെയ്ത് ധനമന്ത്രിയെ പ്രതിസ്ഥാനത്ത് നിർത്തുന്ന തരത്തിലേക്ക് ആലപ്പുഴ ജില്ലയിലെ സി.പി.എം ഗ്രൂപ്പ് പോര് മാറുകയാണ്.

g sudhakaranThomas IssackiifbKERALA INFRASTRUCTURE INVESTMENT FUND BOARD (KIIFB )
Comments (0)
Add Comment