KCL| മിന്നി തിളങ്ങാന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം; കെ സി എല്‍ രണ്ടാം സീസണിന് ഇന്ന് തുടക്കം

Jaihind News Bureau
Thursday, August 21, 2025

കെ സി എല്‍ രണ്ടാം സീസണിന് ഇന്ന് തുടക്കം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരങ്ങളില്‍ ആറ് ടീമുകള്‍ അണിനിരക്കും. സെപ്തംബര്‍ ഏഴിനാണ് കലാശപ്പോരാട്ടം.

കേരളത്തിന്റെ ക്രിക്കറ്റ് ആരവങ്ങള്‍ക്ക് അരങ്ങൊരുക്കാന്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം തയ്യാറായി. സെപ്തംബര്‍ ഏഴുവരെ ഇനി കെ സി എല്‍ ഓളമാണ്.  അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, അലപ്പി റിപ്പിള്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് എന്നീ ആറു ടീമുകള്‍ ഇത്തവണയും കച്ചകെട്ടി തയ്യാറായിക്കഴിഞ്ഞു.

17 മല്‍സര ദിവസങ്ങളിലായി 33 മല്‍സരങ്ങളും വീറും വാശിയും നിറഞ്ഞതാകും. കേരളത്തിന്റെ അഭിമാന താരങ്ങളായ സഞ്ജു സാംസണ്‍ സച്ചിന്‍ബേബി സല്‍മാന്‍ നിസാര്‍ വിഷ്ണു വിനോദ്, വിഘ്‌നേഷ് പൂത്തൂര്‍, , ജലജ് സക്‌സേന, മുഹമ്മദ് അസ്ഹറുദീന്‍ അടക്കം അനവധി നിരവധി താരങ്ങള്‍ ആവേശത്തിന് മാറ്റ് കൂട്ടും.

ഫൈനല്‍ ദിനം ഒഴിച്ച് മറ്റെല്ലാ ദിവസവും രണ്ട് മല്‍സരങ്ങളുണ്ട്. കഴിഞ്ഞ കൊല്ലത്തെ ചാമ്പ്യന്‍മാരായ കൊല്ലം സെയിലേഴ്‌സും റണ്ണറപ്പായ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തമ്മില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഉദ്ഘാടന മല്‍സരം. പിന്നാലെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. രാത്രി 7.45 ന് നടക്കുന്ന ട്രിവാന്‍ഡ്രം റോയല്‍സും സഞ്ജു സാംസന്‍ കളിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും. ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലെ പുതിയ ഫ്‌ളഡ് ലൈറ്റിലാണ് വൈകിട്ടുള്ള മല്‍സരങ്ങള്‍.