വന്ദേഭാരതിന് പച്ചക്കൊടി; കൊച്ചി വാട്ടർ മെട്രോ ഉള്‍പ്പെടെയുള്ള പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Tuesday, April 25, 2023

തിരുവനന്തപുരം: കേരളത്തിന്‍റെ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ പ്രധാനമന്ത്രി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടനത്തിന് മുമ്പ് വന്ദേഭാരത് ട്രെയിനിന്‍റെ സി വൺ കോച്ചില്‍ കയറിയ പ്രധാനമന്ത്രി സ്കൂൾ വിദ്യാർത്ഥികളുമായി സംവദിച്ചു. കൊച്ചി വാട്ടർ മെട്രോ, ഡിജിറ്റൽ സയൻസ് പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഡോ. ശശി തരൂർ എംപി എന്നിവർ ചേർന്ന് സ്വീകരിച്ചു. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20 ന് പുറപ്പെടുന്ന വന്ദേഭാരത് എക്‌സ്പ്രസ് ഉച്ചയ്ക്ക് 1.25 ന് കാസർഗോഡ് എത്തിച്ചേരും. 2.30 ന് കാസർഗോഡ് നിന്നാരംഭിക്കുന്ന സർവീസ് രാത്രി 10.35 ന് തിരുവനന്തപുരത്ത് സമാപിക്കും. എട്ട് മണിക്കൂർ അഞ്ച് മിനിറ്റാണ് വന്ദേഭാരത് സർവീസ് പൂർത്തിയാക്കാന്‍ എടുക്കുന്ന സമയം . വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാവില്ല. രണ്ടുവർഷത്തിനുള്ളില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധ്യമാകുന്ന തരത്തില്‍ കേരളത്തിലെ റെയില്‍വേ ട്രാക്കുകള്‍ മാറ്റുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.

ഡിജിറ്റൽ സയൻസ് പാർക്ക്, തിരുവനന്തപുരം, കോഴിക്കോട്, വർക്കല – ശിവഗിരി സ്റ്റേഷനുകളുടെ വികസനം, നേമം, കൊച്ചുവേളി സമഗ്ര വികസനം എന്നിവയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു. കൊച്ചി വാട്ടർ മെട്രോ, ദിണ്ഡിഗൽ – പളനി – പാലക്കാട് സെക്ഷന്‍റെ വൈദ്യുതീകരണം എന്നീ പദ്ധതികളും പ്രധാനമന്ത്രി നാടിനു സമർപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി അബ്ദുറഹിമാൻ, ആന്‍റണിരാജു, ഡോ. ശശിതരൂർ എം. പി തുടങ്ങിയവർ പങ്കെടുത്തു.