ഇടുക്കി: അനക്കമില്ലാതെ മൂന്നാറിലെ ഹരിത ചെക്ക് പോസ്റ്റ്. ലക്ഷങ്ങൾ ചിലവഴിച്ചു പഴയ മൂന്നാർ ഹെഡ് വർക്സ് ഡാമിന് സമീപം നിർമ്മിച്ച ചെക്ക് പോസ്റ്റാണ് ഉപയോഗ ശൂന്യമായി കിടക്കുന്നത്. മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ ഉൾപ്പെടെ വാഹനങ്ങൾ തടഞ്ഞ് മാലിന്യ സംഭരണവും ബോധവത്കരണവും ലക്ഷ്യമിട്ടാണ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചത്.
ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച ഹരിത ചെക്ക് പോസ്റ്റ് കഴിഞ്ഞ ജൂലൈ മാസം മുതൽ പൂട്ടിക്കിടക്കുകയാണ്.
2023 ഏപ്രിൽ ഒന്നിനാണ് ചെക്ക് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചത്. നന്നായി പ്രവർത്തിച്ചിരുന്ന ചെക്ക് പോസ്റ്റ് മഴക്കാലം ആരംഭിച്ചതോടെ പ്രവർത്തനം നിർത്തി. മഴ മാറി മൂന്നാറിൽ വിനോദസഞ്ചാരികൾ എത്തി സീസൺ ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ചെക്ക് പോസ്റ്റ് പ്രവർത്തനം തുടങ്ങിയില്ല.
വിനോദസഞ്ചാരികളുമായി എത്തുന്ന വാഹനങ്ങളിൽ നിന്നും ഹരിത കർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ സംഭരിക്കുക, മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെയുള്ള ബോധവത്കരണത്തിനായി ലഘുലേഖകൾ നൽകുക, മാലിന്യങ്ങൾ സംഭരിക്കുന്നതിനുള്ള യൂസർ ഫീ ഈടാക്കുക എന്നിവയായിരുന്നു ചെക്ക് പോസ്റ്റിലൂടെ ലക്ഷ്യമിട്ടിരുന്നത്.
യുഎൻഡിപിയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച ചെക്ക് പോസ്റ്റിൽ സഞ്ചാരികളിൽ നിന്നും തരംതിരിച്ച് ശേഖരിക്കുന്ന മാലിന്യങ്ങളിൽ ജൈവമാലിന്യങ്ങൾ ചെക്ക്പോസ്റ്റിൽ തന്നെ സംസ്കരിക്കുന്നതിനുള്ള സൗകര്യവും ഉണ്ട്.
എന്നാൽ ചെക്ക് പോസ്റ്റ് ഇപ്പോൾ പൂർണ്ണമായും നിർജീവ അവസ്ഥയിലാണ്.