ന്യൂഡല്‍ഹി: ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ചരിത്ര ദൗത്യവുമായി ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിക്ക് ആശംസകളുമായി അയോധ്യ രാമക്ഷേത്രം മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. രാജ്യത്തെ ഒന്നിപ്പിക്കാനുള്ള കോൺഗ്രസിന്‍റെ നീക്കത്തിന് സത്യേന്ദ്ര ദാസ് രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ പിന്തുണ അറിയിച്ചു. ദൗത്യം വിജയിക്കട്ടെയെന്നും രാഹുല്‍ ഗാന്ധിക്ക് ദീർഘായുസ് ഉണ്ടാകട്ടെയെന്നും ആശംസിച്ച് സത്യേന്ദ്രദാസ് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി.
“നിങ്ങളുടെ ദൗത്യം വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പ്രാർത്ഥിക്കുന്നു. നിങ്ങളുടെ ദീർഘായുസിനായി ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു” അദ്ദേഹം കുറിച്ചു. “നിങ്ങൾ ജനങ്ങളുടെ താൽപര്യത്തിനും അവരുടെ സന്തോഷത്തിനും വേണ്ടി ‘സർവജൻ ഹിതയ് സർവജൻ സുഖായ്’ (എല്ലാവരുടെയും ക്ഷേമം, സാര്‍വത്രിക സന്തോഷം) എന്ന മഹത്തായ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നു. ശ്രീരാമന്‍റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു” – സത്യേന്ദ്രദാസ് കത്തില്‍ ആശംസിച്ചു.
ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹം ഉണ്ടായിരുന്നെന്നും ആരോഗ്യകാരണങ്ങളാലാണ് അണിചേരാന്‍ കഴിയാത്തതെന്നും സത്യേന്ദ്ര ദാസ് അറിയിച്ചതായി കോൺഗ്രസ് അയോധ്യ ജില്ലാ വക്താവ് സുനിൽ കൃഷ്ണ ഗൗതം പറഞ്ഞു. ഭാരത് ജോഡോയുടെ ഭാഗമായില്ലെങ്കിലും യാത്രയ്ക്ക് എല്ലാ ധാര്‍മിക പിന്തുണയും സത്യേന്ദ്ര ദാസ് നല്‍കിയിട്ടുണ്ടെന്നും സുനിൽ കൃഷ്ണ ഗൗതം വ്യക്തമാക്കി. അതേസമയം 9 ദിവസത്തെ ഇടവേളയ്ക്ക് ശേഷം യാത്ര ഇന്ന് ഉത്തർ പ്രദേശില്‍ പ്രവേശിച്ചു. ജനുവരി 30 ന് ശ്രീനഗറിലാണ് ഭാരത് ജോഡോ യാത്രയുടെ സമാപനം.