
തിരഞ്ഞെടുപ്പ് ഊഷ്മാവ് കുതിച്ചുയരുകയാണ് ബിഹാറില്‍. ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിന്റെ ‘ദുര്‍ഭരണത്തില്‍’ നിന്ന് ബിഹാറിനെ മോചിപ്പിച്ച് എല്ലാ ബിഹാര്‍ നിവാസികള്‍ക്കും ആദരവ്, സുരക്ഷ, സൗകര്യം, ശരിയായ അവസരങ്ങള്‍ എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി കോണ്‍ഗ്രസ് ഉള്‍പ്പെട്ട മഹാഗത്ബന്ധന്‍ തിരഞ്ഞെടുപ്പു പ്രകടന പത്രിക പുറത്തിറക്കി. ‘ബിഹാറിനെ രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള ഒരു കാഴ്ചപ്പാട് രേഖ’യാണ് തെരഞ്ഞെടുപ്പു പത്രികയെന്ന് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ് അവകാശപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മാറ്റത്തിന്റെയും പ്രതീക്ഷയുടെയും ഒരു ബ്ലൂപ്രിന്റായി അദ്ദേഹം സഖ്യത്തിന്റെ വാഗ്ദാനങ്ങളെ ഉയര്‍ത്തിക്കാട്ടി.
മഹാസഖ്യത്തിലെ എല്ലാ നേതാക്കളുടെയും സാന്നിധ്യത്തിലാണ് പട്‌നയില്‍ ഇന്‍ഡ്യാ മുന്നണി തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയത്. മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, എ.ഐ.സി.സി മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേറ, വി.ഐ.പി അദ്ധ്യക്ഷനും ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ മുകേഷ് സഹാനി, സി.പി.ഐ(എം.എല്‍) ജനറല്‍ സെക്രട്ടറി ദിപങ്കര്‍ ഭട്ടാചാര്യ തുടങ്ങിയ നേതാക്കള്‍ ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
32 പേജുകളുള്ള പ്രകടനപത്രികയില്‍ ഇന്‍ഡ്യാ മുന്നണി പഴയ പെന്‍ഷന്‍ പദ്ധതി (ഒ.പി.എസ്) നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു. ഐ.ടി പാര്‍ക്ക്, പ്രത്യേക സാമ്പത്തിക മേഖലകള്‍ (എസ്.ഇ.സെഡ്), ക്ഷീര അധിഷ്ഠിത വ്യവസായങ്ങള്‍, കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവയുള്‍പ്പെടെ ഇരുപത്തിയഞ്ചോളം കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രകടനപത്രിക കേവലം വാഗ്ദാനങ്ങളുടെ പട്ടികയല്ലെന്ന് തേജസ്വി യാദവ് വിശേഷിപ്പിച്ചു. ‘സംസ്ഥാനത്തിന് വേണ്ടി ഞങ്ങള്‍ക്ക് ഒരു കാഴ്ചപ്പാടുണ്ട്, അതിന്റെ വളര്‍ച്ചയ്ക്ക് ഒരു രൂപരേഖയുമുണ്ട്.’ തേജസ്വിയാദവ് പറഞ്ഞു. എന്‍.ഡി.എയെ രൂക്ഷമായി വിമര്‍ശിച്ച ആര്‍.ജെ.ഡി നേതാവ്, ഭരണസഖ്യത്തിന് വ്യക്തതയും ദിശാബോധവും ഇല്ലെന്ന് കുറ്റപ്പെടുത്തി. ‘ തിരഞ്ഞെടുപ്പിന് മുമ്പേ ഞങ്ങള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു, ഇന്ന് ഞങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കുന്നു. എന്നാല്‍ എന്‍.ഡി.എ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയോ പ്രകടനപത്രിക പുറത്തിറക്കുകയോ ചെയ്തിട്ടില്ല. അവര്‍ ഞങ്ങളുടെ വാഗ്ദാനങ്ങള്‍ പകര്‍ത്തുക മാത്രമാണ് ചെയ്യുന്നത്,’ തേജസ്വി യാദവ് കുറ്റപ്പെടുത്തി.
243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയിലേക്ക് നവംബര്‍ 6, 11 തീയതികളില്‍ രണ്ട് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കും. നവംബര്‍ 14 ന് വോട്ടെണ്ണല്‍ നടക്കും.