
വയനാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി, യു.ഡി.എഫ്. വയനാട് നിയോജകമണ്ഡലത്തില്‍ ‘ഗ്രാമസ്വരാജ് ജനമുന്നേറ്റ യാത്ര’ നടത്തുന്നു. ടി. സിദ്ദിഖ് എം.എല്‍.എ. നയിക്കുന്ന ഈ യാത്ര നവംബര്‍ രണ്ടിന് ആരംഭിക്കും. നവംബര്‍ രണ്ടിന് വൈകുന്നേരം അഞ്ചിന് വടുവന്‍ചാലില്‍ വെച്ച് കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എം.എല്‍.എ. യാത്ര ഉദ്ഘാടനം ചെയ്യും. നവംബര്‍ അഞ്ചിന് വൈകുന്നേരം കമ്പളക്കാട് ടൗണിലാണ് യാത്ര സമാപിക്കുക.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍, ദേശീയ-സംസ്ഥാന രാഷ്ട്രീയം, വയനാടിന്റെ വികസന പ്രശ്നങ്ങള്‍, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി എന്നിവയെക്കുറിച്ച് പര്യടന കേന്ദ്രങ്ങളില്‍ ജനങ്ങളുമായി സംവദിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം. യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്‍മാന്‍ ടി. ഹംസ (വൈസ് ക്യാപ്റ്റന്‍), കണ്‍വീനര്‍ പി.പി. ആലി (മാനേജര്‍), സലിം മേമന, ബി. സുരേഷ്ബാബു, പോള്‍സണ്‍ കൂവയ്ക്കല്‍ (കോ-ഓര്‍ഡിനേറ്റര്‍മാര്‍) എന്നിവരാണ് യാത്രയിലെ സ്ഥിരാംഗങ്ങള്‍. ആദ്യ ദിവസം ഉദ്ഘാടനച്ചടങ്ങില്‍ പി.കെ. ബഷീര്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. കെ.പി.സി.സി. വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ് പ്രസംഗിക്കും.
സമാപന ദിവസമായ നാലിന് രാവിലെ 10ന് പഴയവൈത്തിരിയില്‍ ഡി.സി.സി. പ്രസിഡന്റ് ടി.ജെ. ഐസക് യാത്ര ഉദ്ഘാടനം ചെയ്യും. അഞ്ചിന് രാവിലെ 10ന് പിണങ്ങോട് ടൗണില്‍ എ.ഐ.സി.സി. അംഗം എന്‍.ഡി. അപ്പച്ചനാണ് ഉദ്ഘാടനം. സ്വീകരണ കേന്ദ്രങ്ങള്‍ക്ക് ശേഷം മുസ്ലിംലീഗ് നേതാവ് കെ.എന്‍.എ കാദര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതോടെ യാത്ര അവസാനിക്കും.