ഗ്രെയ്സിന്‍റെ വീടും സ്ഥലവും ജപ്തി ചെയ്യില്ല, കരുതലായി യൂത്ത് കോണ്‍ഗ്രസ്; ബാങ്കിലെ മുഴുവന്‍ ബാധ്യതയും തീര്‍ത്തു

Jaihind Webdesk
Wednesday, February 16, 2022

പത്തനംതിട്ട : മാതാപിതാക്കളുടെ മരണത്തിന്‍റെ ആഘാതത്തിൽ നിന്നും മുക്തയാകും മുമ്പ് കിടപ്പാടം ജപ്തിഭീഷണിയിലായ 15 കാരിക്ക് കൈത്താങ്ങായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പണമടച്ച് ഗ്രെയ്സിന്‍റെ ചെറിയ വീടിന്‍റെ ജപ്തി ഭീഷണി ഒഴിവാക്കി.

മാതാപിതാക്കളുടെ മരണം അനാധയാക്കിയതിന്‍റെ ആഘാതത്തിൽ നിന്നും മുക്തയാകും മുമ്പ് ആകെയുള്ള കിടപ്പാടമായ ഒറ്റമുറി വീട് ജപ്തി ഭീഷണിയിലായത് ഗ്രെയ്സ് എന്ന 15 കാരിക്ക് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. അടൂർ ചുരക്കോട് പെനിയേൽ വില്ലയിലെ ഗ്രെയ്സ് എന്ന പെൺകുട്ടിയുടെ വിഷമ സ്ഥിതി മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ രണ്ട് ദിവസം കൊണ്ട് കേരള ബാങ്കിൽ അടച്ചു തീർക്കേണ്ട രണ്ട് ലക്ഷത്തി അമ്പത്തിനാലായിരം രൂപ സ്വരുപിക്കുകയായിരുന്നു.

തുടർന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് എംജി കണ്ണന്‍റെ നേതൃത്വത്തിൽ കേരള ബാങ്ക് അടുർ ശാഖയിൽ പണമടച്ച് ആധാരം തിരികെ വാങ്ങി ഗ്രെയ്സിന് കൈമാറി.