സംസ്ഥാനത്ത് ഭക്ഷ്യവകുപ്പ് പ്രതിസന്ധിയില്‍; അരിവില കൂടിയേക്കുമെന്ന് ജി ആർ അനിൽ

Jaihind Webdesk
Tuesday, February 6, 2024

തിരുവനന്തപുരം:  സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ രംഗം, ഒട്ടേറെ പ്രതിസന്ധികൾ നേരിടുന്നുണ്ടെന്ന് മന്ത്രി ജി ആർ അനിൽ.  ഇതിനാല്‍ അരിവില കൂടിയേക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു. സംസ്ഥാന ബജറ്റിന് പിന്നാലെ ആവശ്യമായ തുക വകയിരുത്താത്തതിൽ ഭക്ഷ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സപ്ലൈകോയ്ക്കു വിപണി ഇടപെടലിനുള്ള പണം പോലും അനുവദിക്കാത്തതില്‍ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ  പ്രതിഷേധം അറിയിച്ചിരുന്നു. ബജറ്റ് പ്രസംഗത്തിനു ശേഷം ധനമന്ത്രിക്കു ഹസ്തദാനം നൽകാതെയാണ് മന്ത്രി നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയത്. മന്ത്രിമാരായ ജി.ആർ.അനിലും കെ.രാജനും മുഖ്യമന്ത്രിയോട് പ്രതിഷേധം അറിയിച്ചതായും സൂചനയുണ്ട്.

സബ്സിഡി സാധനങ്ങൾ നൽകിയതിലൂടെ 2011.52 കോടി രൂപയുടെ കടുത്ത സാമ്പത്തിക ഭാരവും വിതരണക്കാർക്ക് നൽകാനുള്ളത് 792.20 കോടി രൂപയുടെ കുടിശികയും ഉൾപ്പെടെ രൂക്ഷമായ പ്രതിസന്ധിയിലാണ് സപ്ലൈകോ. വിതരണക്കാർ കയ്യൊഴിഞ്ഞതോടെ സപ്ലൈകോ വിൽപനശാലകളിൽ പല സാധനങ്ങളും സ്റ്റോക്കില്ല.