മലപ്പുറം: ഇൻഡിഗോ എയർലൈന്‍സിനെതിരായ പ്രതികാര നടപടി തുടർന്ന് സര്‍ക്കാർ. കമ്പനിയുടെ ബസിനെതിരെ വീണ്ടും ആർടിഒയുടെ നിയമ നടപടി. കരിപ്പൂർ വിമാനത്താവളത്തിനുള്ളിൽ ഓടുന്ന രണ്ടാമത്തെ ഇൻഡിഗോ ബസിനെതിരെയും മലപ്പുറം ആർടിഒ നോട്ടീസ് നൽകി. നികുതി അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
വിമാനയാത്രാവിലക്കിൽ പ്രതിഷേധിച്ച് ഇൻിഗോയ്ക്കെതിരെ ഇപി ജയരാജൻ പ്രതികരിച്ചതിന് പിന്നാലെ ഇൻഡിഗോ ബസുകൾക്കെതിരെ ആർടിഒയുടെ നിയമ നടപടി തുടരുന്നു. നികുതി അടയ്ക്കാത്തതിനെ തുടർന്ന് ഫറോഖ് ചുങ്കത്തെ വർക്ക് ഷോപ്പിൽ നിന്നും ഇന്നലെ ഇൻഡിഗോ വിമാന കമ്പനിയുടെ ബസ് ആർടിഒ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ ഇന്ന്
രണ്ടാമതൊരു ഇൻഡിഗോ ബസിന് കൂടി മലപ്പുറം ആർടിഒ നോട്ടീസ് നൽകി. ഒരോ ബസിനും 43,400 രൂപ പിഴ ചുമത്തിയിട്ടുള്ളതായി മലപ്പുറം ആർടിഒ അറിയിച്ചു. വിമാനത്താവളത്തിൽ ഓടുന്ന ഇൻഡിഗോ ബസായതിനാൽ പിടിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പിന് കഴിഞ്ഞിട്ടില്ല.
നികുതി അടയ്ക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. എല്‍ഡിഎഫ് കൺവീനർക്കെതിരെ ഇൻഡിഗോ 3 ആഴ്ചത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തുകയും പിന്നാലെ ജയരാജൻ ഇൻഡിഗോ യാത്ര ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചതിനും ശേഷമാണ് ഇൻഡിഗോ ബസുകൾക്കെതിരെ തുടർച്ചയായ നിയമ നടപടി എന്നത് ശ്രദ്ധേയമാണ്. 6 മാസത്തോളം ഇൻഡിഗോയുടെ നികുതി കുടിശികയിൽ നടപടി സ്വീകരിക്കാതിരുന്ന ആർടിഒയുടെ പെട്ടെന്നുള്ള നീക്കം ഇ.പി ജയരാജൻ ഇഫക്ടാണെന്ന വിമർശനമാണ് ഉയരുന്നത്.ൊ